ജില്ലയിലെ സ്കൂളുകളില്‍ കുടുംബശ്രീ കഫേകള്‍ വരുന്നു. ജൂലൈ ആദ്യവാരം ആദ്യഘട്ട കഫേകള്‍ ആരംഭിക്കും. വിദ്യാര്‍ഥികള്‍ക്ക് പോഷക സമ്പൂര്‍ണമായ ലഘു ഭക്ഷണങ്ങള്‍, പാനീയങ്ങള്‍, സ്കൂള്‍ സ്റ്റേഷനറി വസ്തുക്കള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിവ വിലക്കുറവില്‍ ഈ സംവിധാനത്തിലൂടെ ലഭിക്കും.
കുട്ടികള്‍ സ്കൂള്‍ പ്രവൃത്തിസമയത്തു പുറത്തുപോകുന്നതു മൂലമുള്ള ബുദ്ധിമുട്ടുകള്‍, അനാരോഗ്യകരമായ ഭക്ഷണങ്ങള്‍, ലഹരി വസ്തുക്കളുമായി സമ്പര്‍ക്കം ഉണ്ടാകാനുള്ള സാധ്യത മുതലായ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും ഇത്തരം സംരംഭങ്ങള്‍ വഴി കഴിയും. കൂടാതെ പ്രഭാതഭക്ഷണം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് കഫേയില്‍നിന്ന് സ്പോണ്‍സര്‍ഷിപ്പിലൂടെ ഭക്ഷണം ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
ആയിരത്തോളം കുടുംബശ്രീ വനിതകള്‍ക്ക് സുസ്ഥിര വരുമാനം ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും. ജില്ലാപഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് കുടുംബശ്രീ കഫേ പദ്ധതി നടപ്പാക്കുന്നത്.