ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉറങ്ങിക്കിടന്ന കൂട്ടിരിപ്പുകാരിയുടെ സമീപം കോൺക്രീറ്റ് പാളി അടർന്നുവീണ് കാലിന് പരിക്കേറ്റു. എംഐസിയുവിൽ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരിയായ ചീപ്പുങ്കൽ സ്വദേശിനി കൊച്ചുമോളുടെ കാലിലാണ് കോൺക്രീറ്റ് പാളി അടർന്നുവീണത്. ഇന്നലെ രാവിലെ 6.30ഓടെയാണ് അപകടം.
മെഡിക്കൽ കോളജിലെ എംഐസിയുവിനു സമീപം ഇന്നലെ രാവിലെ കൊച്ചുമോൾ കിടന്നുറങ്ങുകയായിരുന്നു. ഈ സമയം വാർക്കയിൽ നിന്നും കോൺക്രീറ്റ് പാളി അടർന്നു വീഴുകയായിരുന്നു. കാലിന്റെ ഭാഗത്തേക്കാണ് കോൺക്രീറ്റ് പാളി അടർന്നുവീണത്.സംഭവം ആശങ്കയ്ക്ക് ഇടയാക്കിയെങ്കിലും കെട്ടിടത്തിന് ബലക്ഷയമില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിഗമനം. രണ്ടു മാസം മുമ്പ് രണ്ടാം വാർഡിലെ ഇസിജി മുറിയിലെ കോൺക്രീറ്റ് പാളി അടർന്നു വീണിരുന്നു.
ഈ സമയം ഇസിജി എടുക്കുന്ന രണ്ട് ജീവനക്കാരികളും വാർഡിലേക്ക് പോയതിനാൽ അപകടം ഒഴിവായി. അന്നുതന്നെ ഇസിജി മുറി പുതിയ ബ്ലോക്കിലേക്ക് മാറ്റി. ജൂലൈ മൂന്നിന് മെഡിക്കൽ കോളജ് ആശുപത്രിയിലെ 14 -ാം വാർഡിന് സമീപത്തെ ശുചിമുറി തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനിയായ ബിന്ദുവെന്ന വീട്ടമ്മ മരണപ്പെട്ടിരുന്നു. സംഭവം വൻ വിവാദമാകുകയും ചെയ്തു. 10 മുതൽ 17 വരെയുള്ള വാർഡുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലെ ശുചിമുറിയാണ് തകർന്നുവീണത്. തുടർന്ന് ഈ വാർഡുകൾ പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് മാറ്റിയിരിക്കുകയാണ്.
എന്നാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണിട്ട് മുന്നു മാസമായിട്ടും കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പും ഡിഎംഇയും ഗാന്ധിനഗർ പൊതുമരാമത്ത് കെട്ടിടവിഭാഗം അധികൃതരുമായി ചർച്ചകൾ നടക്കുന്നുണ്ട്. കെട്ടിടം പൂർണമായും പൊളിച്ചു നീക്കണമോ വേണ്ടയോ എന്നു തീരുമാനമെടുക്കാൻ കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച പരിശോധനകൾ നടന്നു.
കെട്ടിടം ഭാഗികമായി പൊളിച്ചുനീക്കി അപകടകരമല്ലാത്ത ഭാഗം ഉപയോഗിക്കാൻ കഴിയുമോ എന്നാണ് അധികൃതർ നോക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. അതേസമയം കെട്ടിടം പൊളിച്ചുനീക്കുന്നതിന് 1.4 കോടിയുടെ പദ്ധതി പൊതുമരാമത്ത് കെട്ടിട വിഭാഗം സമർപ്പിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെയും ഡിഎംഇയുടെ അനുമതി ലഭിച്ചാൽ മാത്രമേ കെട്ടിടം പൊളിച്ചുനീക്കാൻ സാധിക്കുകയുള്ളൂ.