കോട്ടയം: അക്ഷരനഗരിക്കു കാവല്‍ നില്ക്കുകയല്ല എണ്ണിയാലൊടുങ്ങാത്ത തെരുവുനായക്കൂട്ടം. അലഞ്ഞു തിരിയുന്ന തെമ്മാടി നായകള്‍ പേയിളകി രൗദ്രഭാവത്തോടെ ഓടി നടന്നു ജനങ്ങളെ കടിക്കുകയാണ്. തെരുവുനായ നിയന്ത്രണവും നിര്‍മാര്‍ജനവും പോലീസിന്റേതല്ല, അതാത് തദ്ദേശസ്ഥാപനത്തിന്റെ ചുമതലയാണെന്ന തിരിച്ചറിവ് നഗരഭരണക്കാര്ക്കും പ്രതിപക്ഷത്തിനും ഇല്ലാതെ പോയിരിക്കുന്നു.
കോട്ടയം നഗരമധ്യത്തില്‍ ഇന്നലെ ഉച്ചയ്ക്ക് തെരുവുനായ പാഞ്ഞോടി കടിച്ചുകീറിയവരില് മുന്‍ നഗരസഭാധ്യക്ഷന്‍ പി.ജെ. വര്‍ഗീസും ഉള്‍പ്പെടുന്നു. 12 കിലോമീറ്റര്‍ വിസ്തൃതിയുള്ള കോട്ടയം നഗരസഭയില്‍ രണ്ടു ലക്ഷം ജനങ്ങള്‍ സ്ഥിരവാസക്കാരായുണ്ട്. ഒരു ലക്ഷം പേര് വന്നുപോകുന്നവരുണ്ട്. ഇതിനു നടുവില്‍ കലാപകാരികളായ എത്ര തെരുവുനായകളുണ്ടെന്നതിന് കണക്കില്ല.
ദിവസവും എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല. തെരുവുനായ വന്ധ്യംകരണം ജൂണില്‍ വിപുലമായ ചടങ്ങുകളോടെ തുടങ്ങി ജൂലൈയില്‍ പര്യവസാനിച്ചു. പട്ടിപിടിത്തക്കാര്‍ക്ക് ഇരുപതു നായകളെപ്പോലും പിടികൂടാന്‍ സാധിച്ചില്ല. നഗരസഭാ പരിധിയിലെ കോടിമതയില്‍ വന്ധ്യംകരണത്തിനും പേ വിഷബാധ പ്രരോധ കുത്തിവയ്പ്പിനും വിപുലമായ സംവിധാനമുണ്ടെന്നിരിക്കെയാണ് നഗരവാഴ്ച തെരുവുനായകളുടെ അധീനതയിലായത്.
വന്ധ്യംകരണം, ഷെല്‍ട്ടര്‍ ഹോം തുടങ്ങി പല പദ്ധതികള്‍ക്കും ലക്ഷങ്ങള്‍ ഫണ്ട് മാറ്റിവച്ചതല്ലാതെ നഗരസഭയ്ക്ക് ജനങ്ങളുടെ ജീവനും ജീവിതവും സുരക്ഷിതമാക്കാന്‍ സാധിച്ചിട്ടില്ല. അറവുശാല, ഹോട്ടല്‍, മാര്‍ക്കറ്റ് മാലിന്യങ്ങള്‍ മാത്രമല്ല അന്നദാനം നടത്തി മനോസുഖം അനുഭവിക്കുന്ന കുറെ മൃഗസ്നേഹികളും നായകള്‍ക്ക് കരുതലാണ്. തനിച്ചല്ല, എട്ടും പത്തും നായകള്‍ ഒന്നു ചേന്ന് റോന്തു ചുറ്റി തലങ്ങും വിലങ്ങും കടിക്കുന്ന ആക്രമണം ഇനിയുള്ള ദിവസങ്ങളിലും പ്രതീക്ഷിക്കാം.
ഒരു നായയ്ക്ക് പേയിളകിയാല്‍ വിഷബാധ ആയിരം നായയകളിലേക്ക് കടക്കാമെന്നിരിക്കെ അതിഭയാനകമാണ്് കോട്ടയത്തെ തെരുവുനായ വാഴ്ച. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന്റെയും നാഗമ്പടം ബസ് സ്റ്റാന്‍ഡിന്റെയും ശാസ്ത്രി റോഡ് കാത്തിരിപ്പുകേന്ദ്രത്തിന്റെയും ചില ഭാഗങ്ങള്‍ നഗരസഭ കടിയന്‍ നായകള്‍ക്ക് തീറെഴുതി കൊടുത്ത മട്ടാണ്. കെഎസ്ആര്‍ടി സ്റ്റാന്‍ഡില്‍ ഡീസല്‍ പമ്പിനു സമീപത്തേക്ക് ആരു കടന്നുചെന്നാലും ഇരുപതോളം നായകളുടെ സംഘം കടിച്ചുകീറാന്‍ പാഞ്ഞുവരും. നൂറിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അയ്യായിരത്തോളം വ്യാപാര വാണിജ്യസ്ഥാപനങ്ങളും ഒട്ടേറെ ആരാധനാലയങ്ങളും നഗരത്തിലുണ്ട്.
വഴി നടപ്പുകാര്‍ മുതല്‍ നിരത്തു കച്ചവടക്കാര്‍ വരെ ഭീതിയിലാണ് ഓരോ നിമിഷവും കഴിയുന്നത്. രാത്രി വൈകി വിജനമായ പ്രദേശത്തുകൂടി ഒരാള്‍ക്കും സുരക്ഷിതമായി നടക്കാനാവില്ല. പ്രഭാത, സായാഹ്ന സവാരിക്ക് പുറത്തിറങ്ങാനാവില്ല. കാറില്‍ മാത്രം നഗരസഭയിലെത്തുന്ന ജനപ്രതിനിധികളാരും തെരുനായ കടിച്ചുകീറാനായി പാഞ്ഞുപരുമ്പോള് ഭയന്നോടുന്ന ജനങ്ങള്‍ നിലവിളി കേള്‍ക്കുന്നില്ല. ജോലിയും പഠനവും ഒഴിവാക്കി പട്ടികടിയുടെ ഇരകള്‍ പ്രതിരോധകുത്തിവയ്പിനായി നെട്ടോട്ടമോടുന്നതും നഗരഭരണാധിപര്ക്ക് അറിയേണ്ടതില്ല.