കോട്ടയം: കോട്ടയം നഗരസഭയില്‍നിന്ന് 2.4 കോടി രൂപയുടെ പെന്ഷന് തട്ടിപ്പ് നടത്തിയ പ്രതിയെ കോട്ടയം വിജിലന്‍സ് പിടികൂടിയത് പഴുതടച്ച അന്വേഷണത്തിനൊടുവില്‍. കോട്ടയം നഗരസഭയിലെ മുന്‍ ക്ലാര്‍ക്ക് കൊല്ലം മങ്ങാട് ആന്‍സി ഭവനില്‍ അഖില്‍ സി. വര്‍ഗീസി(30)നെ കോട്ടയം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയാണ് അറസ്റ്റ് ചെയ്തത്. സിപിഎം അനുകൂല ഉദ്യോഗസ്ഥ സംഘടനയിൽ അംഗമായിരുന്ന അഖിൽ നാളുകളായി ഒളിവിലായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ അഖിലിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. വിജിലന്‍സ് സംഘം വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. 2020 ഫെബ്രുവരി മുതല്‍ 2024 ഓഗസ്റ്റ് ഏഴു വരെയുള്ള നാലു വര്‍ഷത്തെ കാലയളവിലാണ് ഇയാള്‍ കോട്ടയം നഗരസഭയില്‍നിന്നു പണം തട്ടിയെടുത്തത്. നഗരസഭയില്‍ പെന്ഷന് വിഭാഗം കൈകാര്യം ചെയ്തിരുന്നത് ഇയാളായിരുന്നു. അഖില്‍ അമ്മയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. കോട്ടയം നഗരസഭയില്‍നിന്ന് വൈക്കേത്ത് മാറ്റിയിട്ടും ഇയാള്‍ കോട്ടയത്ത് എത്തി തട്ടിപ്പ് തുടരുകയായിരുന്നു. കഴിഞ്ഞ വര്‍ഷം പുതുതായി എത്തിയ ജീവനക്കാരിയാണ് തട്ടിപ്പ് കണ്ടെത്തിയത്.
തുടര്‍ന്നു കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് അഖിലിനെതിരേ മുനിസിപ്പല്‍ സെക്രട്ടറി കോട്ടയം വെസ്റ്റ് പോലീസില്‍ പരാതി നല്കി. പീന്നിട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയെങ്കിലും തുടര്‍ന്നു അന്വേഷണ ചുമതല വിജിലന്‍സ് ഏറ്റെടുക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞെങ്കിലും പീന്നിട് സ്വദേശമായ കൊല്ലത്ത് തന്നെ എത്തി ഒളിവില്‍ കഴിയുകയായിരുന്നു. ആദ്യ സമയത്ത് തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ ഒളിവിലായിരുന്നെങ്കിലും പോലീസ് എത്തിയപ്പോഴേക്കും രക്ഷപ്പെടുകയായിരുന്നു.
ഒളിവില്‍പോകുന്നതിന് തലേന്ന് ഏഴുലക്ഷത്തിലേറെ രൂപ ബാങ്കില്‍നിന്ന് പിന്‍വലിച്ചതിന്റെ തെളിവും ലഭിച്ചിരുന്നു. നയിച്ചത് ആഡംബര ജീവിതം തട്ടിപ്പുകാരന് അഖില്‍ സി. വര്‍ഗീസ് നയിച്ചത് ആഡംബരജീവിതം. തട്ടിയെടുത്ത പണം ഉപയോഗിച്ചു രണ്ടു ബൈക്കും ഒരു കാറും വാങ്ങി. ഈരാറ്റുപേട്ട നഗരസഭയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ എടുത്ത വായ്പ മുഴുവന്‍ അടച്ചുതീര്‍ത്തു.
ഇതിനു പുറമെ തട്ടിയെടുത്ത പണം ഉപയോഗിച്ച് ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്നു പോലീസ് സംഘം കണ്ടെത്തി. വാങ്ങിയ ബൈക്കുകളില്‍ ഒന്നു ലക്ഷങ്ങള്‍ വിലവരുന്ന ഹാര്‍ലി ഡേവിഡ്സണ് ബൈക്കാണ്. ഇതിനു പുറമെ കൊല്ലത്ത് തന്നെ ഏഴു സെന്റ് സ്ഥലവും വാങ്ങി. പ്രതി നാല് ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നു. ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചും വന്‍ തുക ചെലവഴിച്ചിരുന്നു. ഈ കാര്‍ഡുകളുടെ ബില്ലടയ്ക്കാനും ഈ തട്ടിപ്പ് തുകയാണ് ഇയാള്‍ ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. കോട്ടയത്ത് വിവിധ ജ്വല്ലറികളില്‍നിന്നു സ്വര്‍ണം വാങ്ങിയതായും വിജിലന്‍സിനോട് സമ്മതിച്ചിട്ടുണ്ട്.