കോഴിക്കോട്: ഗവ.മെഡിക്കല്‍കോളജില്‍ തുടര്‍ച്ചയായി തീപിടിത്തമുണ്ടാകുന്നത് രോഗികളില്‍ ആശങ്കപരത്തുന്നു. കഴിഞ്ഞ നാലുദിവസത്തിനിടയില്‍ രണ്ടു തവണയാണ് മലബാറിലെ സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ മെഡിക്കല്‍ കോളജില്‍ തീപിടിത്തമുണ്ടായത്. അന്വേഷണങ്ങള്‍ നടക്കുന്നതല്ലാതെ രോഗികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അധികൃതര്‍ക്കു കഴിയുന്നില്ല. ആശുപത്രിക്കിടക്കയിൽ നിന്നു പ്രാണരക്ഷാര്‍ഥം നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ് രോഗികൾ.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് ഇന്നലെ വീണ്ടും തീപിടിത്തമുണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ച തീപിടിത്തമുണ്ടായ പിഎംഎസ്എസ്വൈ കെട്ടിടത്തിലെ ആറാം നിലയിലെ തിയറ്റര്‍ കോംപ്ലക്സിലാണ് ഇന്നലെ തീപിടിത്തമുണ്ടായത്. തീപടരുന്നത് ഒഴിവാക്കിയതിനാല്‍ ആളപായം ഇല്ല.
തിയറ്റര്‍ കോംപ്ലക്സിലെ വിലപിടിച്ച ഉപകരണങ്ങളും കിടക്കയും കത്തിനശിച്ചു. കഴിഞ്ഞ തവണ ഓടി രക്ഷപ്പെട്ട ശേഷം തിരിച്ചെത്തിയ രോഗികള്‍ക്ക് ഇന്നലെയും അതുതന്നെയായിരുന്നു അവസ്ഥ. ഒരു വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച സൂപ്പര്‍ സ്പെഷാലിറ്റി കെട്ടിടത്തിലെ വയറിംഗും അതിനുപയോഗിച്ച ഉപകരണങ്ങളും സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിന്റെ അന്വേഷണം പൂര്‍ത്തിയാകുന്നതിനുമുമ്പുതന്നെ സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കില്‍ രോഗികളെ പ്രവേശിപ്പിച്ചത് വിവാദത്തിനു വഴിതെളിച്ചു. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
അത്യാഹിത വിഭാഗത്തില്‍ തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന് അവിടെ നിന്ന് മാറ്റി നഗരത്തിലെ സ്വകാര്യ ആശുപത്രികളിലും ബീച്ചാശുപത്രിയിലും കഴിയുന്ന രോഗികളില്‍ ചിലരെയാണ് രണ്ടും മൂന്നും നാലും നിലകളില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ആറാം നിലയില്‍ പുക ഉയര്ന്നതിന്നെത്തുടര്ന്ന് ഈ രോഗികളെ വാര്‍ഡുകളില്‍നിന്ന് വീണ്ടും മാറ്റേണ്ട അവസ്ഥയുണ്ടായി.
തീപിടിത്തം കഴിഞ്ഞ് മൂന്നു ദിവസം പിന്നിടുമ്പോഴാണ് രണ്ടാമത്തെ അപകടം. മെഡിക്കല്‍ കോളജ് അധികൃതര്‍ക്കെതിരേ പൊതുസമൂഹത്തില്‍ നിന്ന് രൂക്ഷമായ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.അത്യാഹിത വിഭാഗത്തില്‍ തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന് ബീച്ചാശുപത്രിക്കു പുറമേ ബേബി മെമ്മോറിയൽ, മിംസ്, നിര്‍മല, ഇഖ്റ, സ്റ്റാര്‍ കെയർ, കോ-ഓപറേറ്റീവ് ആശുപത്രികളിലേക്കാണ് രോഗികളെ മാറ്റിയിരുന്നത്.
സ്വകാര്യ ആശുപത്രികളില്‍ ചികില്‍സാചെലവു വഹിക്കാന്‍ പറ്റില്ലെന്ന് രോഗികളുടെ ബന്ധുക്കള്‍ അറിയിച്ചതിനെത്തുടര്‍ന്ന് തിരക്കിട്ട് സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിലേക്ക് തിരികെ രോഗികളെ കൊണ്ടുവരികയായിരുന്നു. ഇലക്്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റാണ് തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തുന്നത്. അവരുടെ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. അഞ്ചാം നിലവരെയാണ് അവര്‍ പരിശോധിച്ചത്. ആറാം നിലയില്‍ പരിശോധന നടന്നുവരികയാണ്. തിയറ്ററില്‍ സ്വിച്ചിട്ടപ്പോഴാണ് തീ പടര്‍ന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
ഇലക്്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റിന്റെ പരിശോധന പൂര്‍ത്തിയാക്കിയശേഷമേ രോഗികളെ തിരികെ കൊണ്ടുവരികയുള്ളു എന്നാണ് മന്ത്രിയടക്കമുള്ള അധികൃതര്‍ അറയിച്ചിരുന്നത്. എന്നാല്‍ ധൃതിപിടിച്ച് രോഗികളെ തിരികെ കൊണ്ടുവന്നതിന്റെ കാരണം വ്യക്തമല്ല. സുരക്ഷ ഉറപ്പുവരുത്താതെ എന്തിനു രോഗികളെ പ്രവേശിപ്പിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്.
രണ്ടും മൂന്നും നാലും നിലകളില്‍ പരിശോധന പൂര്‍ത്തിയാക്കി രോഗികളെ പ്രവേശിപ്പിക്കാമെന്ന് ഇലക്്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് രോഗികളെ പ്രവേശിപ്പിച്ചതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. അത്യാധുനിക ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഉള്ള തിയറ്ററുകളാണ് സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിലുള്ളത്. ഇവിടെ അത്യാഹിത വിഭാഗം കൂടി ആരംഭിച്ചതോടെ വൈദ്യുതി ഉപയോഗിക്കുന്നതിന്റെ അളവ് കൂടിയിട്ടുണ്ട്.
വയറിംഗിനു ഉപയോഗിച്ച ഇലക്്ട്രിക്കല്‍ ഉപകരണങ്ങള്‍ക്ക് ലോഡ് താങ്ങാനുള്ള ശേഷിയില്ലാത്തത് തീപിടിത്തത്തിനു കാരണമായോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.