അതിരപ്പിള്ളി: കാട്ടാനക്കൂട്ടത്തിനുസമീപം കെഎസ്ആർടിസി ബസ് ബ്രേക്ക് ഡൗണായി. കാട്ടാനക്കൂട്ടം യാത്രക്കാരെ ഉപദ്രവിച്ചില്ല.
കാലടി പ്ലാന്റേഷൻ ഒന്നാംബ്ലോക്കിലെ വഞ്ചിക്കടവ് റബർ എസ്റ്റേറ്റിനു സമീപമാണ് ബസ് ബ്രേക്ക്ഡൗണായത്. രാവിലെ പ്ലാന്റേഷനിൽ ജോലിക്കുപോയിരുന്ന തൊഴിലാളികളും വിദ്യാർഥികളും ബസിൽ ഉണ്ടായിരുന്നു.
റോഡ് മുറിച്ചുകടന്നു പുഴയിലേക്കുപോകാൻ ആനക്കൂട്ടം നിൽക്കുമ്പോഴാണ് ബസ് വന്നത്. ആനക്കൂട്ടത്തിന് അടുത്തെത്തിയപ്പോൾ ബസ് പെട്ടെന്നു നിൽക്കുകയായിരുന്നു.
എന്നാൽ, ആനക്കൂട്ടത്തിന്റെ ഭാഗത്തുനിന്നു യാതൊരുവിധ പ്രകോപനവും ഉണ്ടായില്ല. തുടർന്ന് ബസിലെ യാത്രക്കാർ അതുവഴിവന്ന ബൈക്കിലും നടന്നും മറ്റും അവിടെനിന്നു മാറുകയായിരുന്നു.
പിന്നീട് ചാലക്കുടി കെഎസ്ആർടിസി സ്റ്റാൻഡിൽനിന്നു മെക്കാനിക്കുകൾ എത്തി റിപ്പയർ നടത്തി ബസ് റോഡിൽനിന്നു മാറ്റി.

