കോട്ടയം: കെഎസ്ആര്‍ടിസി മികവിന്റെയും വരുമാനത്തിന്റെയും നല്ല പാതയില്‍. കെഎസ്ആര്‍ടിസി ബസുകളിലേക്ക് ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി അടുത്തകാലത്തിറക്കിയ ചലോ സ്മാര്‍ട്ട് കാര്‍ഡിനും ചലോ ആപ്പിനും യാത്രക്കാരുടെ ഇടയില്‍നിന്നു മികച്ച സ്വീകാര്യത.
ശരാശരി 20 ലക്ഷം പേര് ദിവസവും യാത്രയ്ക്ക് ആശ്രയിക്കുന്ന കെഎസ്ആര്‍ടിസി കാലത്തിനൊത്ത് മികച്ച യാത്രാസൗകര്യമൊരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ചലോ സ്മാര്‍ട്ട് കാര്‍ഡും ചലോ ആപ്പും ഇറക്കിയത്. ഇതു കൂടാതെ വിദ്യാര്‍ഥികളുടെ കണ്സഷന് കാര്‍ഡും സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ കെഎസ്ആര്‍ടിസി വിറ്റുതീര്‍ത്തത് 1,55,000 ട്രാവല്‍ കാര്‍ഡുകളാണ്.
ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ടിക്കറ്റ് എളുപ്പം ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായിട്ടാണ് കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി തുടങ്ങിയത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ വിറ്റത്. മലബാര്‍ മേഖലയില്‍ കാര്‍ഡുകള്‍ക്ക് ക്ഷാമമുണ്ടെന്നും കിട്ടാനില്ലെന്നും എംഎല്‍എ മാര്‍ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനോടു പരാതി പറഞ്ഞതിനു പിന്നാലെ അഡീഷണലായി കാര്‍ഡുകള്‍ മലബാര്‍ മേഖലയിലെ ഡിപ്പോകളിലേക്ക് അടുത്ത ദിവസങ്ങളില്‍ എത്തിച്ചിരുന്നു.
ആദ്യം വില്‍പ്പനയ്ക്കെത്തിച്ചത് 1,18,000 കാര്‍ഡുകളായിരുന്നു. പിന്നീട് മൂന്നു തവണയായി വന്ന 16,000 കാര്‍ഡും ദിവസങ്ങള്‍ക്കുള്ളില്‍ വിറ്റു. കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരത്തുള്ള ഐടി ഓഫീസില്‍നിന്നു പാപ്പനംകോടുള്ള ചീഫ് സ്റ്റോറില്‍നിന്നുമാണ് കാര്‍ഡ് ഡിപ്പോകളിലേക്കെത്തിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ നടന്ന മേളകളിലെ കെഎസ്ആര്‍ടിസിയുടെ സ്റ്റാളുകള്‍ വഴിയും കാര്‍ഡ് നല്‍കിയിരുന്നു.
കാര്‍ഡുകള്‍ സ്വൈപ് ചെയ്യുന്ന മെഷീനുകളും എല്ലാ ഡിപ്പോകളിലും എത്തിച്ചിട്ടുണ്ട്. ആവശ്യക്കാരേറുന്നതനുസരിച്ച് കാര്‍ഡ് നല്കാന് കഴിയാത്തതുമാത്രമാണ് കെഎസ്ആര്‍ടിസിക്കു മുമ്പിലുള്ള ഇപ്പോഴത്തെ പ്രതിസന്ധി. ട്രാവല്‍ കാര്‍ഡിലൂടെ കെഎസ്ആര്‍ടിസിയുടെ എല്ലാത്തരം ബസുകളിലും യാത്ര ചെയ്യാനാകും. കണ്ടക്ടര്‍മാര്‍, അംഗീകൃത ഏജന്റുമാര്‍ എന്നിവര്‍ വഴിയും കെഎസ്ആര്‍ടിസി ഡിപ്പോയിലും കാര്‍ഡുകള്‍ ലഭ്യമാണ്. 50 രൂപയാണ് ചാര്‍ജ് ചെയ്യേണ്ട ഏറ്റവും കുറഞ്ഞ തുക. പരമാവധി 3,000 രൂപ വരെ ചാർജ് ചെയ്യാം. 100 രൂപയാണ് കാര്‍ഡിന്റെ വില.
ഉടമസ്ഥന്റെ വീട്ടിലുള്ളവര്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഈ കാര്‍ഡ് ഉപയോഗിക്കാം. കാര്‍ഡ് നഷ്ടപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം ഉടമയ്ക്ക് മാത്രമായിരിക്കും. കാര്‍ഡ് പ്രവര്‍ത്തിക്കാതെ വരികയാണെങ്കിലും പരിഹാരമുണ്ട്. ഏറ്റവും അടുത്തുള്ള ഡിപ്പോയില്‍ പേരും വിലാസവും ഫോണ്‍ നമ്പറും സഹിതം അപേക്ഷ നല്കിയാല് അഞ്ച് ദിവസത്തിനുള്ളില്‍ പുതിയ കാര്‍ഡ് ലഭിക്കും.
പഴയ കാര്‍ഡിലുണ്ടായിരുന്ന തുക പുതിയ കാര്‍ഡില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. റീച്ചാര്‍ജ് ചെയ്യുമ്പോള്‍ പ്രത്യേക ആനുകൂല്യങ്ങളും കെഎസ്ആര്‍ടിസി നല്‍കുന്നുണ്ട്. 1,000 രൂപ ചാര്‍ജ് ചെയ്താല്‍ 40 രൂപയും 2000 രൂപ ചാര്‍ജ് ചെയ്താല്‍ 100 രൂപയും അധികമായി കാര്‍ഡില്‍ ക്രെഡിറ്റ് ആകും. ബസില്‍ കയറുമ്പോള്‍ കണ്ടക്ടറുടെ ടിക്കറ്റ് മെഷീനില്‍ കാര്‍ഡ് സ്വൈപ് ചെയ്താല്‍ യാത്രക്കൂലി ഓട്ടോമാറ്റിക്കായി കാര്‍ഡില്‍നിന്ന് കുറയും. ടിക്കറ്റ് മെഷീനില്‍ കാര്‍ഡിലെ ബാലന്‍സ് അറിയാനും സാധിക്കും.
ചലോ ആപ്പിനും മികച്ച പ്രതികരണം
ബസില്‍ സീറ്റുണ്ടാകുമോ, വലിയ തിരക്കുണ്ടാകുമോ തുടങ്ങി, യാത്രയ്ക്കൊരുങ്ങുമ്പോള്‍ മനസിലുയരുന്ന ചോദ്യങ്ങള്‍ക്ക് വിരല്‍ത്തുമ്പില്‍ ഉത്തരം നല്കുന്ന കെഎസ്ആര്‍ടിസിയുടെ ചലോ ആപ്പിനും മികച്ച പ്രതികരണം. ലൈവ് ബസ് ട്രാക്കിംഗ് ആപ്ലിക്കേഷനായ ചലോയുമായി ചേര്‍ന്നാണ് ആപ് തയാറാക്കിയത്.
ആപ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വന്നു രണ്ടാഴ്ചയ്ക്കകം സ്മാര്‍ട്ട് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തത് മൂന്നു ലക്ഷത്തിലധികം പേരാണ്. രാജ്യത്ത് ആദ്യമായാണ് ഒരുസംസ്ഥാനത്തെ എല്ലാബസുകളും റൂട്ടുകളും മൊബൈല്‍ ആപ്പില്‍ ലഭ്യമാകുന്നത്. ബസില്‍ സീറ്റ് ഒഴിവുണ്ടോയെന്ന് ആപ്പിലൂടെ അറിയാം.
തെരഞ്ഞെടുക്കുന്ന റൂട്ടിലൂടെ വരുന്ന ബസുകള്‍ കാണാം. ബസ് സ്റ്റോപ്പുകളും ബസിന്റെ നമ്പറും ഏറ്റവും അടുത്ത സ്റ്റോപ്പിലേക്ക് എത്തുന്ന സമയവും കാണാം. സീറ്റ് ഒഴിവുണ്ടോ, നിന്നു യാത്ര ചെയ്യുന്നവരുണ്ടോ, നിറയെ യാത്രക്കാരുണ്ടോ എന്നെല്ലാം ഇതിലൂടെ അറിയാനാകും. ബസിലെ ഇ- ടിക്കറ്റ് മെഷീനുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തനം.
സിറ്റി സര്‍ക്കുലര്‍, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, റിസര്‍വേഷന്‍ കാറ്റഗറി ബസുകളെല്ലാം ട്രാക്ക് ചെയ്യാം. മുന്‍കൂട്ടി ടിക്കറ്റും എടുക്കാം. അതിനായി യുപിഐ ആപ്പുകള്‍, ഡെബിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണമടയ്ക്കാം. ഇതിലൂടെ ട്രാവല്‍ കാര്‍ഡ് റീചാര്‍ജ് ചെയ്യാനും റിസര്‍വേഷന്‍ ടിക്കറ്റ് എടുക്കാനുമാകും. വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് കണ്സഷന് കാര്‍ഡ് പുതുക്കുകയും ചെയ്യാം.