മാള (തൃശൂർ): ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. യാത്രക്കാർ ബസിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ഇന്നുരാവിലെ ഒന്പതോടെയാണ് സംഭവം. മാളയിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് ബസിന്റെ മുൻഭാഗത്തായാണ് തീയും പുകയും ഉണ്ടായത്.
കൊമ്പൊടിഞ്ഞാമാക്കലിനും ആളൂരിനുമിടയിലാണ് ബസിൽ നിന്നും പുക ഉയർന്നത്. പുക കണ്ടയുടൻ ഡ്രൈവർ ബസ് നിർത്തിയതിനാൽ കൂടുതൽ അപകടമുണ്ടായില്ല. ബസിനു തീപിടിച്ചെന്ന് കരുതി യാത്രക്കാർ ഉടനെ ബസിൽ നിന്നിറങ്ങാൻ തിരക്കുകൂട്ടുന്നതിനിടെ ബസിന്റെ ഒരു ഡോർ കംപ്ലയന്റ് ആയി തുറക്കാനാകാത്ത അവസ്ഥയിലായി.
ഇതോടെ ഭീതിയിലായ യാത്രക്കാരിൽ ചിലർ വശങ്ങളിലെ ജനലുകൾ വഴി പുറത്തേക്ക് ചാടുകയും ചെയ്തു. എങ്കിലും ആർക്കും ആളപായമുണ്ടായതായി റിപ്പോർട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് ആളൂർ പോലീസും, ഫയർഫോഴ്സും സ്ഥലത്തെത്തി.