കൊച്ചി: സംസ്ഥാനത്തെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് മതിയായ പോഷകവും ശുചിത്വവും ആരോഗ്യവും ഉറപ്പു വരുത്താനായി കുടുംബശ്രീ എഫ്എന്‍എച്ച്ഡബ്ല്യു (ഫുഡ്, ന്യൂട്രീഷന്‍, ആരോഗ്യം, ശുചിത്വം) പദ്ധതി വിപുലീകരിക്കുന്നു. പരമാവധി പേര്‍ക്ക് ജൈവ പോഷകാഹാരം ലഭ്യമാക്കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കുന്നതാണ് പദ്ധതി.
പൊതുവിദ്യാലയങ്ങളിലും അങ്കണവാടികളിലും നിത്യേനയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിനാവശ്യമായ പച്ചക്കറികള്‍ സ്വന്തമായി കൃഷി ചെയ്ത് ഉല്പാദിപ്പിക്കാന് പ്രോത്സാഹനം നല്‍കും. പ്രാദേശിക തലത്തില്‍ അങ്കണവാടികളിലേക്ക് ആവശ്യമായി വരുന്ന മുട്ട, പാല് എന്നിവ കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന ഉല്പാദിപ്പിച്ചു വിതരണം ചെയ്യും.
പോഷകാഹാര ലഭ്യതയുടെ കുറവ് കൊണ്ട് സ്ത്രീകളിലും കുട്ടികളിലും കാണപ്പെടുന്ന വിളര്‍ച്ച തടയുന്നതിന് അങ്കണവാടികള്‍ വഴിയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴിയുമുള്ള ന്യൂട്രീഷന്‍ സപ്ലിമെന്റിന്റെ വിതരണം കൂടുതല്‍ കാര്യക്ഷമമാക്കും. പോഷകക്കുറവ് മൂലം വിളര്‍ച്ച അടക്കമുളള ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന ആണ്‍കുട്ടികളെയും ഇനി മുതല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
പട്ടികജാതി പട്ടികവര്‍ഗ ഹോസ്റ്റലുകളില്‍ താമസിക്കുന്ന കുട്ടികള്‍ക്കും മതിയായ പോഷകാഹാരത്തിന്റെയും പ്രതിരോധ മരുന്നുകളുടെയും ലഭ്യത ഉറപ്പു വരുത്തും. പട്ടികജാതി പട്ടികവര്‍ഗ വികസന ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെയാകും ഇതു നടപ്പാക്കുക.പദ്ധതി വിപുലീകരണവുമായി ബന്ധപ്പെട്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന് അധ്യക്ഷനായി കുടുംബശ്രീ സംസ്ഥാന മിഷനില്‍ സംയുക്ത ഉപദേശക സമിതി യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു.
സ്വന്തം ലേഖിക