ആലപ്പുഴ: ജലാശയങ്ങളുടെ സ്വാഭാവികത നശിപ്പിക്കുന്ന കുളവാഴയെ ഇല്ലാതാക്കാൻ ഇവയെ ഭക്ഷണമാക്കുന്ന പ്രാണികളെ വളർത്തിയുള്ള പരീക്ഷണം പുരോഗമിക്കുന്നു.കുട്ടനാട് രാജ്യാന്തര കായൽ കൃഷി ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കുളവാഴയുടെ ജൈവനിയന്ത്രണത്തിനു പ്രാദേശികമായി കണ്ടെത്തിയിട്ടുള്ള നെയോകെറ്റിന വണ്ടുകളെ വ്യാപകമായി തുറന്നുവിടുന്ന പരീക്ഷണമാണു പുരോഗമിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജനയിൽ ഉൾപ്പെടുത്തിയ കുളവാഴ നിയന്ത്രണ പദ്ധതി പ്രകാരം ജൈവികരീതിയിൽ കുളവാഴകളെ നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള 13 കോടിയുടെ പ്രവർത്തനങ്ങളാണു ഗവേഷണ കേന്ദ്രത്തിൽ നടക്കുന്നത്.
കുളവാഴയിൽനിന്നു മീൻതീറ്റ നിർമിക്കുന്നതിന്റെ പരീക്ഷണവും പുരോഗമിക്കുകയാണ്. ഇതിനു പുറമേ കുളവാഴയിൽനിന്നു സെല്ലുലോസ് ഉത്പാദനം, കുളവാഴ കൂട്ടമാക്കി ഒഴുകുന്ന കൃഷിയിടം സജ്ജമാക്കൽ തുടങ്ങി 9 ആശയങ്ങളിലാണു പഠനം നടക്കുന്നത്.
വേമ്പനാട്ടു കായലിലെ നീരൊഴുക്കു സുഗമമാക്കി വെള്ളത്തിൽ സസ്യമൂലകങ്ങളുടെ അളവ് നിയന്ത്രിക്കുകയാണു കുളവാഴയ്ക്കു തടയിടാനുള്ള ആത്യന്തിക വഴിയെന്നു ഗവേഷണ കേന്ദ്രം.
കുളവാഴ ഇല്ലാതാകുന്നതോടെ കായലിലെ ഒഴുക്കു മെച്ചപ്പെടുകയും മാലിന്യത്തിന്റെ യും ഉപ്പിന്റെയും അളവ് കുറയുകയും ചെയ്യും. ഉപ്പിന്റെ അളവ് 0.2 ശതമാനത്തിൽ താഴെയാണെങ്കിൽ തണ്ണീർമുക്കം ബണ്ട് വർഷം മുഴുവൻ തുറന്നിട്ടുതന്നെ കുട്ടനാട്ടിൽ നെൽക്കൃഷി ചെയ്യാനാകുമെന്നാണു വിലയിരുത്തൽ.