കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ സീ പ്ലെയിന്‍ പദ്ധതിക്ക് കേന്ദ്ര ഏവിയേഷന്‍ വകുപ്പിന്റെ അനുമതി ലഭിച്ചതോടെ കുമരകം കായലിലും വിമാനം ചിറകടിക്കും. വേമ്പനാട് കായല്‍ ടൂറിസത്തിലും ഗതാഗതത്തിലും മറ്റൊരു കുതിപ്പിനുള്ള ഓളമായി ഇതു മാറും.
സംസ്ഥാനത്ത് 48 റൂട്ടുകള്‍ക്ക് അനുമതി ലഭിച്ചിരിക്കെ എറണാകുളം, ആലപ്പുഴ ജില്ലകളിലെ കായലുകളില്‍നിന്നു കുമരകം ഉള്‍പ്പെടെ പ്രദേശങ്ങളിലേക്ക് ആസന്ന ഭാവിയില്‍ പറക്കാം. കായല്‍ക്കാഴ്ചകള്‍ ആസ്വദിക്കാന്‍ ബോട്ട് യാത്രയേക്കാള്‍ വിമാനയാത്ര തെരഞ്ഞെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കും. കൊച്ചിയില്‍നിന്നുള്‍പ്പെടെ റോഡ് മുഖേനയുള്ള യാത്രാ സമയവും കുറയ്ക്കാനാകും.
ഇതിനൊപ്പം കായലുകളുള്ള ജില്ലകളെ ബന്ധിച്ച് യാത്രാവിമാനങ്ങള്‍ക്കും സാധ്യതയുണ്ട്. ഇന്ത്യ വണ്‍ എയര്‍, മെഹ്എയര്‍, പിഎച്ചല്‍, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികള്‍ക്കാണ് നിലവില്‍ റൂട്ടുകള്‍ അനുവദിച്ചിട്ടുള്ളത്. മുന്‍പ് കൊച്ചിയില്‍നിന്ന് ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടിയിലേക്ക് വിമാനത്തിന്റെ പരീക്ഷണപറക്കല്‍ വിജകരമായ നടത്തിയിരുന്നു.
അണക്കെട്ടുകളിലൂടെ സീപ്ലെയ്ന്‍ പദ്ധതി നടപ്പാക്കാനും ആലോചനയുണ്ട്. ഇടുക്കി ജില്ലയുടെ ടൂറിസം വികസനത്തിന് ഇതുനേട്ടമാകും. കുമരകത്തുനിന്നു തേക്കടി, ഇടുക്കി, മാട്ടുപ്പെട്ടി എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ പ്രയോജനപ്പെടും. കോട്ടയത്തെത്തുന്ന വിഐപികള്‍ക്കും ഇത് പ്രയോജനപ്പെടുത്താം.

