“ആദ്യമേ യേശുവിനു നന്ദി പറയുന്നു. കാരണം, എനിക്കിതു സ്വയം ചെയ്യാന് സാധ്യമല്ല. ഇന്നത്തെ ദിവസം എന്നെ എടുത്തു നടന്നത് അവനാണ്. അതുപോലെ എന്റെ അമ്മയ്ക്കും അച്ഛനും എന്റെ പരിശീലകനും എന്നില് വിശ്വസമര്പ്പിച്ച ഓരോ വ്യക്തിക്കും നന്ദി. ഒരു മാസമായി ഞാന് അതിയായ മാനസിക ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നത്. ഇത് ഒരു സ്വപ്നം പോലെ തോന്നുന്നു, ആ സ്വപ്നം ഇതുവരെ മുങ്ങിയില്ല”: കണ്ണീര് തുടച്ച്, ഇടറിയ കണ്ഠത്തോടെ, മുറിഞ്ഞ വാക്കുകള് ചേര്ത്തുവച്ച് ജെമീമ റോഡ്രിഗസ് ലോകത്തിനു മുന്നില് ആദ്യം പറഞ്ഞ വാക്കുകള്.
അതാകട്ടെ, വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ റണ് ചേസിംഗിലൂടെ ഇന്ത്യയെ ഐസിസി വനിതാ ലോകകപ്പ് ഫൈനലില് എത്തിച്ചശേഷം. ഏഴു തവണ ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയ, ഇന്ത്യക്കു മുന്നില് 339 റണ്സ് എന്ന പടുകൂറ്റന് ലക്ഷ്യംവച്ചപ്പോള് ഏവരും അവിശ്വാസികളായി. എത്ര റണ്സിന് ഇന്ത്യന് വനിതകള് പരാജയപ്പെടും എന്നതായിരുന്നു അറിയേണ്ടിയിരുന്നത്.
എന്നാല്, അദ്ഭുതങ്ങളിലൂടെ മനുഷ്യഗണത്തെ രക്ഷയുടെ പാതയിലേക്കു നയിച്ച യേശുവിന്റെ ‘മകള്’ നവി മുംബൈയിലെ ഡിവൈ പാട്ടീല് സ്റ്റേഡിയത്തില് ബാറ്റുകൊണ്ട് ഒരു അദ്ഭുതം കാണിച്ചു. 134 പന്തില് 127 നോട്ടൗട്ടുമായി ജെമീമ ജെസീക്ക റോഡ്രിഗസ് എന്ന 25കാരി ടീം ഇന്ത്യയെ വിജയപീഠത്തിലേറ്റി.
നാളെ ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് ഇന്ത്യയുടെ കിരീട പോരാട്ടം. 2005, 2017 എഡിഷനുകള്ക്കുശേഷം, ഐസിസി വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തില് ഇന്ത്യയുടെ മൂന്നാം ഫൈനല്. ലക്ഷ്യം കന്നിക്കിരീടം.
4 മിനിറ്റ് ദൈവസാക്ഷ്യം
പ്ലെയര് ഓഫ് ദ മാച്ചായ ജെമീമയുമായി മത്സരശേഷം ഗ്രൗണ്ടില്വച്ച് സ്റ്റാര് സ്പോര്ട്സ് അവതാരകന് അഭിമുഖം നടത്തിയപ്പോഴാണ് യേശുവിന്റെ സാക്ഷ്യവുമായി അവള് ഹൃദയങ്ങള് കീഴടക്കിയത്. നാലു മിനിറ്റിലധികം നീണ്ട ആ അഭിമുഖത്തില് തന്റെ അടിയുറച്ച വിശ്വാസം ഈ ലോകത്തിനു മുന്നില് തുറന്നിടാന് ജെമീമ മടിച്ചില്ല.
ഇന്നിംഗ്സിന്റെ ഒരുഘട്ടത്തില് ഊര്ജം ചോര്ന്നുപോയെന്നും ബൈബിള് വചനം ഉരുവിട്ടാണ് ക്രീസില് തുടര്ന്നതെന്നും ജെമീമ സാക്ഷ്യപ്പെടുത്തി: “തുടക്കത്തില് കളിക്കുമ്പോള് ഞാന് എന്നോടുതന്നെ സംസാരിക്കുകയായിരുന്നു, പക്ഷേ, അവസാനം എനിക്ക് ഊര്ജം നഷ്ടപ്പെട്ടു. അപ്പോള്, കര്ത്താവു നിങ്ങള്ക്കുവേണ്ടി യുദ്ധം ചെയ്തു കൊള്ളും. നിങ്ങള് ശാന്തരായിരുന്നാല് മതി (പുറപ്പാട് 14:14) എന്ന ബൈബിള് വചനം ഉരുവിട്ടുകൊണ്ടേയിരുന്നു”- നിറകണ്ണൂകളോടെ ജെമീമ പറഞ്ഞു.
മൂന്നാം നമ്പറില്
സ്ഥിരമായി അഞ്ചാം നമ്പറില് ഇറങ്ങുന്ന ജെമീമയെ അഞ്ച് മിനിറ്റ് മുമ്പ് മാത്രമാണ് മൂന്നാം നമ്പറായി ഇറക്കുന്ന കാര്യം അറിയിച്ചത്. ഫീല്ഡിംഗിനുശേഷം ഐസ് ബാത്ത് നടത്തുന്നതിനിടെയാണ് മൂന്നാം നമ്പറില് ഇറങ്ങണമെന്ന നിര്ദേശം വന്നതെന്നും ജെമീമ പറഞ്ഞു.
“ഈ ലോകകപ്പിലുടനീളം ഓരോ രാത്രിയിലും കണ്ണീര് വാര്ത്തിരുന്നു. പല മത്സരങ്ങള്ക്കു മുമ്പും അമ്മയെ ഫോണില് വിളിച്ച് പൊട്ടിക്കരഞ്ഞു. അത്രയും കഠിനമായിരുന്നു ഓരോ ദിനവും. അമ്മയും അച്ഛനും എനിക്ക് ആശ്വാസം പകര്ന്നു. ടീമിലെ അരുന്ധതിയാണ് (റെഡ്ഡി) എന്റെ കണ്ണീര് ഏറ്റവും കൂടുതല് കണ്ടത്. അവസാനം എനിക്ക് അവളോട് പറയേണ്ടിവന്നു, നീ എന്റെ മുന്നില് വന്നാല് ഞാന് കരഞ്ഞുപോകുമെന്ന്”. സമാന അനുഭവങ്ങളിലൂടെ കടന്നുപോകുന്നവരുടെ നെഞ്ചില് നീറ്റലേകുന്നതാണ് ജെമീമയുടെ വാക്കുകള്.
സെഞ്ചുറിയല്ല പ്രധാനം
പോരാട്ട ഇന്നിംഗ്സിലൂടെ സെഞ്ചുറി തികച്ചപ്പോള് ജെമീമ അത് ആഘോഷിക്കാന് കൂട്ടാക്കിയില്ല. ഡഗ്ഗൗട്ടില് എഴുന്നേറ്റ സ്മൃതി മന്ദാന അടക്കമുള്ളവരില്പോലും ജെമീമയുടെ ഈ നീക്കം അദ്ഭുതമുളവാക്കി. എനിക്ക് സ്വയം നേടുന്ന അര്ധസെഞ്ചുറിയോ സെഞ്ചുറിയോ അല്ലായിരുന്നു അപ്പോള് പ്രധാനം. ടീമിന്റെ ജയമായിരുന്നു എന്നായിരുന്നു അതേക്കുറിച്ചു ചോദിച്ചപ്പോള് ജെമീമയുടെ മറുപടി.
2025 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില് ശ്രീലങ്കയ്ക്കെതിരേ ഗോള്ഡന് ഡക്കായാണ് ജെമീമ തുടങ്ങിയത്. തുടര്ന്ന് പാക്കിസ്ഥാനെതിരേ 51 പന്തില് 32. ദക്ഷിണാഫ്രിക്കയ്ക്കെതിരേ മൂന്നു പന്തില് പൂജ്യം. ഓസ്ട്രേലിയയ്ക്കെതിരേ 37 പന്തില് 33. അതോടെ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്നിന്ന് ജെമീമയെ ഒഴിവാക്കിയിരുന്നു. എന്നാല്, ലീഗ് റൗണ്ടിലെ ആറാം മത്സരത്തില് ന്യൂസിലന്ഡിന് എതിരേ തിരിച്ചെത്തിയപ്പോള് 76 നോട്ടൗട്ടുമായി ജെമീമ ഗിയര് മാറി. തുടര്ന്നായിരുന്നു ഓസ്ട്രേലിയയ്ക്കെതിരായ സെമിയില് 127 നോട്ടൗട്ട്.
മംഗലാപുരം ടു മുംബൈ
നവി മുംബൈയിലെ ഡിവൈ പാട്ടീല് സ്റ്റേഡിയം ജെമീമയുടെ ഹോം ഗ്രൗണ്ടാണ്. ഫൈനലില് മറ്റൊരു ജെംസ് ഇന്നിംഗ്സിനായാണ് ആരാധകര് ഇപ്പോള് കാത്തിരിക്കുന്നത്. മംഗലാപുരത്തെ കത്തോലിക്കാ കുടുംബത്തില് ജനിച്ച ജെമീമ, മുംബൈയിലെ ഭാണ്ഡൂപ്പിലാണ് നിലവില് താമസിക്കുന്നത്. സ്കൂള് പരിശീലകനായ അച്ഛന് ഇവാന് റോഡ്രിഗസിന്റെ മാര്ഗനിര്ദേശപ്രകാരം നാലാം വയസില് ക്രിക്കറ്റ് കളിച്ചു തുടങ്ങി.
12-ാം വയസില് മഹാരാഷ്ട്രയുടെ അണ്ടര് 19 ടീമില് കളിച്ചു. 13-ാം വയലില് സംസ്ഥാന സീനിയര് ടീമിലെത്തി. 18-ാം വയസില് ഇന്ത്യക്കായി അരങ്ങേറി. 58 ഏകദിനങ്ങളില്നിന്ന് മൂന്നു സെഞ്ചുറിയും എട്ട് അര്ധസെഞ്ചുറിയും അടക്കം 1725 റണ്സ് നേടി. 112 ട്വന്റി-20യില്നിന്ന് 2375ഉം മൂന്ന് ടെസ്റ്റില്നിന്ന് 235 റണ്സുമുണ്ട്.

