പാലക്കാട്: ബിജെപി സംസ്ഥാന ഭാരവാഹിയോഗവും സംസ്ഥാന നിർവാഹക സമിതിയും പാലക്കാട്ട് തുടങ്ങി. മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ നിറംമങ്ങിയ പ്രകടനം യോഗത്തിൽ ചർച്ച ചെയ്യപ്പെടും. ഇതു സംബന്ധിച്ച് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെതിരെ വിമർശനമുണ്ടായേക്കും.ഏഴു ശതമാനം വോട്ടാണ് ബിജെപിക്ക് മലപ്പുറത്ത് നേടാനായത്. കഴിഞ്ഞ തവണത്തെക്കാൾ നാമമാത്രമായ വർധനയാണുണ്ടായത്. ഈ വർധനയാണ് കുമ്മനം രാജശേഖരന്റെ പിടിവള്ളി. ബിജെപിക്ക് വോട്ടുകൂടിയെന്നും ഇത് മുന്നേറ്റമാണെന്നുമാണ് കുമ്മനത്തിന്റെ നിലപാട്.
എന്നാൽ സ്ഥാനാർഥി നിർണയത്തിലടക്കം ഉണ്ടായ വീഴ്ചകളാണ് കുമ്മനത്തിനെതിരെ ഉന്നയിക്കപ്പെടുക. ശോഭാ സുരേന്ദ്രൻ അടക്കമുള്ള സംസ്ഥാന നേതാക്കളെ സ്ഥാനാർഥികളായി ആദ്യഘട്ടത്തിൽ പഗിഗണിച്ചിരുന്നുവെങ്കിലും അവസാനം പ്രാദേശിക നേതാവായ പ്രകാശിന് നറുക്ക് വീഴുകയായിരുന്നു.
മുതിർന്ന നേതാക്കൾ സ്ഥാനാർഥിയായി വന്നിരുന്നുവെങ്കിൽ നില വളരെയധികം മെച്ചപ്പെടുത്താൻ കഴിയുമായിരുന്നുവെന്നാണ് കുമ്മനത്തിന്റെ എതിരാളികൾ ഉന്നയിക്കുന്നത്. കൂട്ടായ തീരുമാനങ്ങൾ ഒഴിവാക്കി ഒറ്റയ്ക്ക് തീരുമാനം എടുക്കുന്ന കുമ്മനം ശൈലിയിൽ വിയോജിപ്പുള്ളവരാണ് ഭൂരിഭാഗം നേതാക്കളും.
രാവിലെ 10.30 ഓടെ കോർ കമ്മിറ്റി യോഗം തുടങ്ങി. 10 മുതിർന്ന നേതാക്കളാണ് ഈ യോഗത്തിൽ പങ്കെടുക്കുന്നത്. തുടർന്ന് മൂന്ന് കേന്ദ്ര നേതാക്കളുടെ സാനിധ്യത്തിൽ സംസ്ഥാന സമിതിയോഗം ആരംഭിക്കും.

