റായ്പുർ: അപകടത്തിൽനിന്നു രക്ഷപ്പെട്ട കുട്ടിയാനയുടെ നിഷ്കളങ്കമായ നന്ദിപ്രകടനം സമൂഹമാധ്യമങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റി. ഛത്തീസ്ഗഡ് രാജ്ഗഡിൽ ഈമാസം മൂന്നിനായിരുന്നു സംഭവം. ചിൽകഗുഡ ഗ്രാമത്തിനോടുചേർന്നുകിടക്കുന്ന ലെയ്ലുംഗ, ഖർഗോഡ വനാതിർത്തിയിലാണു കുട്ടിയാന കുഴിയിൽവീണത്.
വെള്ളം തേടിയെത്തിയ കുട്ടിയാന അബദ്ധത്തിൽ കുഴിയിൽ അകപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.
ജെസിബി കൊണ്ട് മണ്ണുനീക്കി രൂപപ്പെടുത്തിയ ചാലിലൂടെ കുട്ടിയാന അനായാസം കുഴിയിൽനിന്നു കയറി. പുറത്തെത്തിയ കുട്ടിയാന, തന്റെ രക്ഷയ്ക്കെത്തിയ മനുഷ്യരോടല്ല നന്ദി രേഖപ്പെടുത്തിയത്.
കുഴിയിൽനിന്നു കയറാൻ വഴിയൊരുക്കിയ ജെസിബിയുടെ മണ്ണുകോരിയെടുക്കുന്ന ഭാഗമായ ബക്കറ്റിൽ തുന്പിക്കൈകൊണ്ടു തലോടിയ കുട്ടിയാന, ഒരുനിമിഷം തന്റെ ദേഹത്തോടു ചേർത്തുപിടിക്കുകയും ചെയ്തു.
തുടർന്ന് വനത്തിനുള്ളിലേക്ക് ഓടിമറഞ്ഞു. ആനക്കുട്ടിയുടെ നന്ദിപ്രകടനം പ്രകൃതിയിലെ അവിസ്മരണീയ കാഴ്ചയെന്ന് ആളുകൾ അഭിപ്രായപ്പെട്ടു.