കണ്ണൂർ: കണ്ണൂർ നഗരത്തിലെ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ ഹോട്ടൽ മുതലാളിക്കൊപ്പം മറ്റൊരു ഉന്നതനും എത്തിയതായി സൂചന. ഇയാൾ ഓടിരക്ഷപ്പെട്ടതായും പറയുന്നു.
ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. താവക്കരയിൽ പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലാണ് ഹോട്ടൽ ഉടമ അതിക്രമിച്ചു കയറിയത്. ഹോസ്റ്റൽ വളപ്പിലേക്ക് കയറിയ ഇയാളെ ജീവനക്കാർ പിടിച്ചു വച്ചെങ്കിലും ഓടിരക്ഷപ്പെടുകയായിരുന്നു.
പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ഒരു ജീപ്പിലാണ് ഇയാൾ ഹോസ്റ്റലിനടുത്ത് എത്തിയത്. വാഹനം ഹോസ്റ്റലിന് സമീപത്ത് പാർക്ക് ചെയ്ത ശേഷം തന്ത്രപരമായി മതിൽകെട്ടിനകത്തേക്ക് കടക്കുകയായിരുന്നു. പക്ഷേ, ഹോസ്റ്റലിലെ അന്തേവാസികളായ ചില പെൺകുട്ടികൾ ഇയാളെ കണ്ട് വിവരം വാർഡനെ അറിയിച്ചു.
വാർഡൻ പറഞ്ഞതനുസരിച്ച് പരിശോധിക്കാനെത്തിയ സെക്യൂരിറ്റി ജീവനക്കാരെ കണ്ട് മതിൽ ചാടി ഇറങ്ങി ഓടിയ പ്രതിയെ 100 മീറ്ററുകളോളം പിന്തുടർന്നാണ് പിടികൂടിയത്.
തുടർന്ന് പ്രതിയെ വിവരമറിഞ്ഞെത്തിയ കണ്ണൂർ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൂടെ, മറ്റൊരാൾ ഉണ്ടായിരുന്നതായും ഇയാൾ ഓടിരക്ഷപ്പെട്ടതായും പറയുന്നു. പരാതിയില്ലാത്തതിനാൽ സംഭവത്തിൽ കേസെടുത്തിട്ടില്ല.