മുംബൈ: ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ചരിത്രത്തില്‍ ആദ്യമായി ഒഫീഷല്‍സ് പട്ടികയില്‍ പുരുഷന്മാര്ക്കു സ്ഥാനമില്ല. 2025 ഐസിസി വനിതാ ഏകദിന ലോകകപ്പിനുള്ള ഒഫീഷല്‍സ്/അമ്പയര്‍ സംഘമാണ് ലേഡീസ് ഒണ്‍ലി ആക്കിയിരിക്കുന്നത്.
ഏകദിന വനിതാ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നീക്കം. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2025 വനിതാ ലോകകപ്പ് ഈ മാസം 30 മുതലാണ്. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഗോഹട്ടിയിലാണ് ഉദ്ഘാടന മത്സരം.
2022 കോമണ്‍വെല്‍ത്ത് ഗെയിംസ്, 2023, 2024 ഐസിസി വനിതാ ട്വന്റി-20 ലോകകപ്പ് എന്നിവയ്ക്കുശേഷം പൂര്‍ണമായി വനിതാ ഒഫീഷല്‍സ് അണിനിരക്കുന്ന നാലാമത് അന്താരാഷ്ട്ര കായിക മത്സരമാണ് 2025 വനിതാ ഏകദിന ലോകകപ്പ്.
18 അംഗ സംഘം
18 അംഗ വനിതാ സംഘമായിരിക്കും 2025 ലോകകപ്പ് നിയന്ത്രിക്കുക. 14 അമ്പയര്‍മാരും നാല് മാച്ച് റഫറിമാരും ഉള്‍പ്പെടുന്നതാണ് ഈ സംഘം. മുന്‍നിര വനിതാ അമ്പയര്‍മാരായ ക്ലെയര്‍ പൊളോസാക്, ജാക്വലിന് വില്യംസ്, സൂ റെഡ്ഫെന്‍ തുടങ്ങിയവരാണ് അമ്പയര്‍ പാനലിലുള്ളത്. പുരുഷ ഏകദിനം നിയന്ത്രിച്ച ആദ്യ വനിത എന്ന റിക്കാര്‍ഡിന് ഉടമയാണ് ഓസ്ട്രേലിയക്കാരിയായ ക്ലെയര്‍ പൊളോസാക്.