കൊളംബോ: മനുഷ്യ അസ്ഥികൾ ചേർത്ത് നിർമിച്ച മാരകമായ സിന്തറ്റിക് മയക്കുമരുന്ന് കടത്തിയതുമായി ബന്ധപ്പെട്ട് 21കാരിയായ ഫ്ലൈറ്റ് അറ്റൻഡർ റിമാൻഡിൽ. ലണ്ടൻ സ്വദേശിനിയായ ഷാർലറ്റ് മെയ് ലീ ആണു റിമാൻഡിലായത്. ഈ മാസം ആദ്യം ശ്രീലങ്കയിലെ ബന്ദാരനായകെ വിമാനത്താവളത്തിൽനിന്നാണ് ഇവരെ പിടികൂടിയത്.
പശ്ചിമാഫ്രിക്കയിൽ ഉത്പാദിപ്പിക്കുന്ന “കുഷ്” എന്ന അതിമാരക മയക്കു മരുന്ന് നിറച്ച സ്യൂട്ട്കേസുകൾ ഇവരിൽനിന്നു കണ്ടെത്തിയിരുന്നു. 28 കോടി രൂപ വിലമതിക്കുന്ന കുഷ് ആണ് സ്യൂട്ട്കേസിൽനിന്നു പിടിച്ചെടുത്തത്.
ഇതെങ്ങനെ സ്യൂട്ട്കേസിൽ വന്നുവെന്ന് തനിക്ക് അറിയില്ലെന്നാണ് ഷാർലറ്റ് മെയ് ലീ വാദിച്ചത്. നിലവിൽ യുവതി കൊളംബോയിലുള്ള ജയിലിൽ കഴിയുകയാണ്. കുറ്റം തെളിഞ്ഞാൽ 25 വർഷം വരെ തടവ് അനുഭവിക്കേണ്ടിവരും.
വിവിധതരം വിഷവസ്തുക്കളിൽനിന്നാണ് കുഷ് നിർമിക്കുന്നത്. അതിന്റെ പ്രധാന ചേരുവകളിൽ ഒന്ന് മനുഷ്യന്റെ അസ്ഥി പൊടിച്ചതാണ്. ഏഴ് വർഷം മുമ്പ് പശ്ചിമാഫ്രിക്കയിലാണ് കുഷ് ആദ്യമായി കണ്ടെത്തിയത്.
മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ഒരു ഹിപ്നോട്ടിക് ഹൈപ്പിന് കാരണമാകുന്ന വസ്തുവാണിത്. കുഷ് നിർമിക്കുന്നതിനുള്ള അസ്ഥി ശ്മാശനങ്ങളിൽനിന്നാണു കൈവശപ്പെടുത്തുന്നത്. കുഷ് ഉപയോഗിച്ച് പശ്ചിമാഫ്രിക്കയിൽ ആഴ്ചയിൽ 12 പേർ മരിക്കുന്നുവെന്നാണ് കണക്ക്.