കോട്ടയം: ഓണത്തോടനുബന്ധിച്ചു നടത്തിയ പ്രത്യേക പരിശോധനയില്‍ ജില്ലയില്‍നിന്നും 68 പേര് മയക്കുമരുന്നു കേസുകളില്‍ അറസ്റ്റിലായതായി എക്സൈസ് വകുപ്പ്. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 22 വരെയുള്ള കണക്കാണിത്. ഈ കാലയളവില്‍ 71 എന്‍ഡിപിഎസ് കേസുകളാണ് എടുത്തിട്ടുള്ളത്.
രണ്ടു വാഹനങ്ങള്‍ പിടിച്ചെടുത്തതായും നാര്‍ക്കോ കോ-ഓര്‍ഡിനേഷന്‍ ജില്ലാതല യോഗത്തില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മയക്കുമരുന്നിനെതിരേയുള്ള ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുന്നതിനുമാണ് ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ നാര്‍ക്കോ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാതല യോഗം ചേര്‍ന്നത്.
ഈ കാലയളവില്‍ 885 റെയ്ഡുകള്‍ സംഘടിപ്പിച്ചു. 176 അബ്കാരി കേസുകളിലായി 172 പേര് അറസ്റ്റിലായി. പുകയില ഉത്പന്നങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട് 411 കേസില്‍ 411 പേര് പ്രതികളായി. പിഴയിനത്തില്‍ 82,220 രൂപ ഈടാക്കി. 88.590 കിലോഗ്രാം പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു.
407.750 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 44.205 ലിറ്റര്‍ ബിയറും രണ്ടു ലിറ്റര്‍ കള്ളും 6.48 ലിറ്റര്‍ അനധികൃത മദ്യവും പിടിച്ചെടുത്തു. 18.050 കിലോ കഞ്ചാവും 135 ഗ്രാം കഞ്ചാവ് ചോക്ലേറ്റും നാലു കഞ്ചാവ് ചെടികളും 4.409 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്.സ്കൂളുകളിലും കോളജുകളിലും നിലവിലുള്ള പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ശക്തിപ്പെടുത്തുന്നതും വിമുക്തി ഡീ അഡിക്ഷന് സെന്ററുകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതും യോഗം ചര്‍ച്ച ചെയ്തു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേതുള്‍പ്പെടെയുള്ള മയക്കുമരുന്ന് വിരുദ്ധ പദ്ധതികള്‍ ഏകോപിപ്പിച്ച് ജില്ലയ്ക്കായി പദ്ധതി രൂപീകരിക്കണമെന്ന് കളക്ടര്‍ ചേതന്‍ കുമാര്‍ മീണ നിര്‍ദേശിച്ചു. ഡീ അഡിക്ഷന് സെന്ററുകളില്‍ ലഹരിമോചിതരായവരുടെയും ബന്ധുക്കളുടെയും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന പദ്ധതി വിപുലമാക്കും.