കൊച്ചി: ബാറിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചശേഷം വഴിയില്‍ ഉപേക്ഷിച്ച കേസില്‍ മൂന്നാം പ്രതിയായ നടി ലക്ഷ്മി മേനോന് ചോദ്യം ചെയ്യലിന് ഹാജരാകാനായി പോലീസ് ഉടന്‍ നോട്ടീസ് നല്‍കും. സംഭവത്തിനു പിന്നാലെ ഒളിവില്‍പ്പോയ ലക്ഷ്മിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. കേസില്‍ അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു ലക്ഷ്മിയെ പ്രതിചേര്‍ത്തത്.
സംഭവസമയത്ത് ലക്ഷ്മിക്കൊപ്പമുണ്ടായിരുന്ന പറവൂര്‍ വെടിമറ സ്വദേശി മിഥുന്, പറവൂര്‍ ഗോതുരുത്ത് സ്വദേശി അനീഷ്, ആലപ്പുഴ കുട്ടനാട് സ്വദേശി സോന എന്നിവരെ കഴിഞ്ഞദിവസം എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലക്ഷ്മി മേനോനും തങ്ങള്ക്കൊപ്പമുണ്ടായിരുന്നതായി ഇവര്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. ഇതോടെയാണു പരാതിക്കാരന് പോലീസിനു നല്കിയ ദൃശ്യങ്ങളില്‍നിന്നു നടിയെ തിരിച്ചറിഞ്ഞത്.
അറസ്റ്റിലായ മൂന്നു പേരും നിലവില്‍ റിമാന്‍ഡിലാണ്. അതിനിടെ പരാതിക്കാരന്റെ സംഘം ആക്രമിച്ചെന്നു ചൂണ്ടിക്കാട്ടി അറസ്റ്റിലായ സോന നല്കിയ പരാതിയില്‍ നോര്‍ത്ത് പോലീസ് കേസെടുത്തു. ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ചെന്നും കണ്ണിനു പരിക്കേറ്റെന്നുമാണ് പരാതി.
24ന് രാത്രി 11.45ഓടെയായിരുന്നു സംഭവം. പ്രതികളും, പരാതിക്കാരനായ ആലുവ സ്വദേശി അലിയാര് ഷാ സലീമും സുഹൃത്തുക്കളും തമ്മില്‍ നഗരത്തിലെ ഒരു ബാറില്‍ വച്ച് വാക്കേറ്റം നടന്നിരുന്നു. സ്ത്രീകളുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. ഇതിനുപിന്നാലെ അലിയാര് ഷായും സുഹൃത്തുക്കളും ബാറില്‍നിന്നു മടങ്ങവേ പ്രതികള്‍ കാറിനെ പിന്തുടര്ന്ന് എത്തി എറണാകുളം നോര്‍ത്ത് റെയില്‍വേ മേല്‍പ്പാലത്തില്‍ വച്ച് ഇവരെ തടയുകയായിരുന്നു.
അലിയാര് ഷായെ കാറില്‍നിന്നു ബലമായി പിടിച്ചിറക്കിയശേഷം വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. യാത്രയ്ക്കിടെ വാഹനത്തില്‍ വച്ച് ഇയാളുടെ മുഖത്തും വലതുകൈയിലും പ്രതികള്‍ പരിക്കേല്‍പ്പിച്ചു. ഒപ്പമുള്ളവര്‍ എത്തിയാലേ വിട്ടയയ്ക്കുകയുള്ളൂവന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇയാളെ ആലുവ പറവൂര്‍ കവലയില്‍ ഇറക്കിവിടുകയായിരുന്നു. തിങ്കളാഴ്ചയാണ് യുവാവ് നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയത്. വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ലക്ഷ്മി മേനോന്റെ അറസ്റ്റിന് താല്‍ക്കാലിക വിലക്ക്
കേസിലെ മൂന്നാം പ്രതി നടി ലക്ഷ്മി ആര്. മേനോനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി താത്കാലികമായി വിലക്കി. എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ലക്ഷ്മി നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. എറണാകുളത്തെ റസ്റ്റോറന്റില്‍ പരാതിക്കാരനും സുഹൃത്തുക്കളും തന്നെയും കൂടെയുണ്ടായിരുന്ന വനിതാസുഹൃത്തിനെയും അവഹേളിക്കാന്‍ ശ്രമിക്കുകയും പുറത്തുവച്ച് ആക്രമിക്കുകയും ചെയ്തുവെന്നതടക്കം ചൂണ്ടിക്കാട്ടിയാണു ഹര്‍ജി.
പരാതിക്കാരനും സംഘവും തങ്ങളെ പരിചയപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അവരെ ആദ്യമായി കാണുന്നവരായതിനാല്‍ ഗൗനിച്ചില്ല. തുടര്‍ന്ന് യാതൊരു പ്രകോപനവുമില്ലാതെ, പരാതിക്കാരനും സുഹൃത്തുക്കളും തങ്ങള്‍ക്കുനേരേ അസഭ്യവാക്കുകള്‍ ചൊരിയുകയും ലൈംഗിക ആംഗ്യങ്ങള്‍ കാട്ടി അധിക്ഷേപിക്കുകയും ചെയ്തതായി നടിയുടെ ഹര്‍ജിയില്‍ പറയുന്നു.