കോതമംഗലം: കുടമുണ്ട പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തശി മുങ്ങിമരിച്ചു. നെല്ലിമറ്റം കണ്ണാടിക്കോട് ചാമക്കാട്ട് സി.സി. ശിവന്റെ ഭാര്യ ലീല (56) ആണ് മരിച്ചത്. മരക്കൊന്പിൽ പിടിച്ചുകിടന്ന മകളുടെ മകൻ അദ്വൈതിനെ അദ്ഭുതകരമായി രക്ഷപ്പെടുത്തി. അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് അദ്വൈത്.
ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഇരുവരും കണ്ണാടിക്കോട് കോഴിപ്പാറ തടയണയ്ക്കു സമീപം കുളിക്കുന്നതിനിടെ അദ്വൈത് ഒഴുക്കിൽപ്പെട്ടു. പിന്നാലെയെത്തി 200 മീറ്ററോളം താഴെ അദ്വൈതിനെ രക്ഷിച്ചു മരക്കൊമ്പിൽ പിടിപ്പിക്കുന്നതിനിടെ ലീല വീണ്ടും ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ 500 മീറ്ററോളം താഴെ ചാത്തക്കുളം ഭാഗത്തുനിന്ന് ലീലയുടെ മൃതദേഹം നാട്ടുകാർ കരയ്ക്കെടുത്തു.
മരക്കൊമ്പിൽ പിടിച്ചുകിടന്ന അദ്വൈതിനെ നാട്ടുകാരുടെ കരച്ചിൽ കേട്ടെത്തിയ സമീപവാസിയായ പത്താം ക്ലാസ് വിദ്യാർഥി യു.എസ്. മുഹമ്മദ് ഫയാസ് രക്ഷിച്ചു കരയ്ക്കെത്തിക്കുകയായിരുന്നു. ലീലയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം. മക്കൾ: ആര്യമോൾ, ആതിരമോൾ, അഭിജിത്ത്. മരുമകൻ: അനീഷ്.