അശനിപാതംപോലെ വന്നുപതിച്ച, ജപ്പാനും ലോകവും ഓർക്കാൻപോലും ആഗ്രഹിക്കാത്ത അണുവിസ്ഫോടനത്തിന് 80 വയസ് തികയുകയാണ്. 1945ൽ ഇന്നേപോലൊരു ഓഗസ്റ്റ് ആറിനാണ് ഹിരോഷിമയിൽ അമേരിക്കയുടെ പോർവിമാനം അണുബോംബ് വർഷിച്ചത്. മൂന്നു ദിവസങ്ങൾക്കു ശേഷം നാഗസാക്കിയിലും. രണ്ടു ലക്ഷത്തിലധികം ആളുകൾ ആ വർഷം അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മറ്റുള്ളവർ മാരക റേഡിയേഷൻ മൂലം ദുരിതം പേറി ജീവിക്കുന്ന രക്തസാക്ഷികളായി.
അണുബോംബിന്റെ പ്രഹരമേറ്റുവാങ്ങിയ ഒരു ലക്ഷത്തിലധികം ആളുകൾ ഇപ്പോഴുമുണ്ട്. എന്നാൽ, 80 വർഷങ്ങൾക്കിപ്പുറം അതിജീവിതരുടെ, നേരനുഭവക്കാരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഭൂരിപക്ഷംപേരും ആ ആഘാതത്തിൽനിന്നു പുറത്തുകടക്കാൻ ഇപ്പോഴും പാടുപെടുകയാണ്. ഓർക്കാൻപോലും അവരിൽ പലരും തയാറല്ല. എങ്കിലും ഇനിയൊരിക്കലും ഭൂമിയിൽ അത്തരമൊരു പൈശാചികപ്രവൃത്തി ഉണ്ടാവരുതെന്നാഗ്രഹിച്ച് അക്കാലം ഓർത്തെടുക്കാനും അനുഭവം പങ്കുവയ്ക്കാനും തയാറാകുന്ന ചിലരെങ്കിലുമുണ്ട്. അത്തരത്തിലൊരാളാണ് ഹിരോഷിമ പീസ് പാർക്കിലെ ഗൈഡ് കുനിഹികോ ഐഡ (83). നിരവധി ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിലും ആണവായുധങ്ങൾ ഇല്ലാതാകണമെന്ന ആഗ്രഹത്താൽ തന്റെ അതിജീവന കഥ മറ്റുള്ളവർക്കായി പറഞ്ഞുകൊടുക്കുകയാണ് അദ്ദേഹം.
നീണ്ട 60 വർഷത്തിനുശേഷമാണ് അണുവിസ്ഫോടനത്തെക്കുറിച്ച് എന്തെങ്കിലും മറ്റുള്ളവരോടായി പറയാൻ ഐഡയ്ക്കു സാധിച്ചത്. ഹിരോഷിമയിൽ ബോംബ് വീഴുമ്പോൾ ഐഡ അന്ന് അമ്മയുടെ വീട്ടിലാണ്. കുഞ്ഞ് ഐഡയ്ക്ക് അന്ന് മൂന്നു വയസ്. സ്ഫോടനത്തിൽ കെട്ടിടത്തിൽനിന്നും ദൂരേക്കു തെറിച്ചുപോയി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ദേഹമാസകലം രക്തത്തിൽ കുളിച്ചുകിടന്ന അവനെ മുത്തച്ഛനാണു രക്ഷപ്പെടുത്തിയത്. ഒരു മാസത്തിനുള്ളിൽ, അവന്റെ ഇരുപത്തിയഞ്ചുകാരിയായ അമ്മയും നാലു വയസുള്ള സഹോദരിയും മരിച്ചു.
സ്കൂളിൽ പഠിക്കുമ്പോൾ റേഡിയേഷന്റെ അനന്തരഫലങ്ങൾ ഐഡയെയും അലട്ടിയിരുന്നു. പിന്നീട് ആരോഗ്യം വീണ്ടെടുത്തു. ഹൈപ്പോസെൻട്രിലെ പീസ് പാർക്കിൽ ആദ്യമായി അനുഭവം പറയാനെത്തുമ്പോൾ അറുപത് വയസായിരുന്നു ഐഡയുടെ പ്രായം. ആദ്യമൊന്നും എളുപ്പമായിരുന്നില്ല. സമാധാനത്തിലേക്കുള്ള ഏക മാർഗം ആണവായുധങ്ങൾ ഇല്ലാതാക്കുക എന്നതാണ്. മറ്റു മാർഗമില്ലെന്ന് ഐഡ പറയുന്നു.
ആയുസിന്റെ ബലംകൊണ്ട് നാഗസാക്കിയിലെ സ്ഫോടനത്തിൽനിന്നു രക്ഷപ്പെട്ട എൺപത്തിയാറുകാരിയായ ഫുമികോ ഡോയി യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്. ട്രെയിൻ എത്താൻ വൈകിയതാണ് ഫുമികോയ്ക്കു രക്ഷയായത്. രാവിലെ 11ന് ഉറകാമി സ്റ്റേഷനിൽ ട്രെയിൻ എത്തേണ്ടതായിരുന്നു. ഈ സമയമാണു റെയിൽവേ സ്റ്റേഷന്റെ സമീപത്തെ കത്തീഡ്രലിൽ ബോംബ് പതിച്ചത്. ഫുമികോയുടെ ട്രെയിൻ അപ്പോൾ റെയിൽവേ സ്റ്റേഷനിൽനിന്ന് അഞ്ചു കിലോമീറ്റർ അകലെയായിരുന്നു.
അന്ന് ആറു വയസ് മാത്രമുണ്ടായിരുന്ന ഫുമികോ ജനാലവഴി തീജ്വാലകൾ മുകളിലേക്ക് ഉയരുന്നതുകണ്ടു. അടുത്തുള്ള യാത്രക്കാർ അവളെ മൂടിപ്പിടിച്ചു. അന്നത്തെ ഭീകരാനുഭവം ഫുമികോ എഴുത്തുകളിലൂടെ ലോകത്തോടു പങ്കുവച്ചു. അണുവിസ്ഫോടനത്തെ അതിജീവിച്ച മറ്റൊരാളെയാണ് ഫുമികോ വിവാഹം കഴിച്ചത്. അമ്മയും മൂന്നു സഹോദരന്മാരിൽ രണ്ടു പേരും കാൻസർ ബാധിച്ചാണു മരിച്ചത്. രണ്ടു സഹോദരിമാർ ഇപ്പോഴും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു. പിന്നീട് അധ്യാപികയായ ഫുമികോ കവിതകളിലൂടെ ഹിരോഷിമയുടെയും നാഗസാക്കിയുടെയും തന്റെ അനുഭവം പറയാൻ ശ്രമിക്കുന്നു. യുദ്ധവിരുദ്ധ റാലികളിൽ പങ്കെടുക്കാൻ ഒരു നഗരത്തിൽനിന്ന് മറ്റൊരു നഗരത്തിലേക്കു സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു.