പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ നിന്ന് എ. പത്മകുമാര്‍ പുറത്തായേക്കും. 42 വര്‍ഷമായി പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലുള്ള അദ്ദേഹം 32 വര്‍ഷം ജില്ലാ സെക്രട്ടേറിയറ്റിലുമുണ്ടായിരുന്നു. ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ വിഷയത്തില്‍ സെക്രട്ടേറിയറ്റില്‍ നിന്നു പുറത്താകുകയായിരുന്നു.
അതിനുശേഷം പാര്‍ട്ടി ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഇടപെട്ടു നടത്തിയ അനുനയ നീക്കങ്ങളിലൂടെയാണ് ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തിയത്. പാര്‍ട്ടിയുടെ പൊതുപരിപാടികളില്‍ പിന്നീട് പങ്കെടുത്തിരുന്നില്ല. പത്മകുമാറിന്റെ അറസ്റ്റ് അനിവാര്യമാണെന്ന തരത്തിലാണ് പാര്‍ട്ടിയുടെ നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പു കാലയളവ് കൂടിയായതിനാല്‍ നടപടിയെടുത്തേ മതിയാകൂവെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയുമാണ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർദേശപ്രകാരം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
കൊല്ലത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തിൽ നേതൃത്വത്തിനെതിരേ രൂക്ഷപ്രതികരണവുമായി പത്മകുമാര്‍ രംഗത്തെത്തിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.പാര്‍ട്ടിക്കെതിരേ ഫേസ്ബുക്കില്‍ പോസ്റ്റുമിട്ടു. 52 വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ലഭിച്ചത് ചതിവ്, വഞ്ചന, അവഹേളനം എന്നായിരുന്നു കുറുപ്പ്. സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാവായി മന്ത്രി വീണാ ജോര്‍ജിനെ ഉൾപ്പെടുത്തിയതായിരുന്നു പ്രകോപനം. ഇതോടെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നു തെറിച്ചു. എന്നാല്‍, പാര്‍ട്ടി നടപടി സ്വീകരിച്ചില്ല
ചങ്ങനാശേരി എന്‍എസ്എസ് കോളജിലെ വിദ്യാഭ്യാസകാലത്ത് എസ്എഫ്ഐക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ച അദ്ദേഹം ഡിവൈഎഫ്ഐയിലൂടെയാണ് സജീവമാകുന്നത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായ അദ്ദേഹം 25 ാം വയസില്‍ പാര്‍ട്ടി എരിയ സെക്രട്ടറിയായി. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ, 1991ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോന്നിയില്‍നിന്നു മത്സരിച്ചു വിജയിച്ചു. എന്നാല്‍, 1996ല്‍ അടൂര്‍ പ്രകാശിനോടു തോറ്റു.
പിന്നീട് ആറന്മുളയില് മത്സരിച്ചെങ്കിലും വിജയിച്ചില്ല. പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതിനിടെ 2017 നവംബറില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി.പത്തനംതിട്ട സിപിഎം ജില്ല സെക്രട്ടേറിയേറ്റംഗവും സഹകരണ ഗാരണ്ടി ബോര്‍ഡ് വൈസ് ചെയർമാനുമായിരിക്കവേയാണ് ദേവസ്വം ബോർഡ് പ്രസിഡന്റാകുന്നത്.

