ഈരാറ്റുപേട്ട: ഭാര്യയെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം പാര്‍ട്ടി നേതൃത്വം തള്ളിയതിനു പിന്നാലെ പാര്‍ട്ടിയുടെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളും ഒഴിയുന്നതായി ഫേസ്ബുക്കില്‍ പോസ്റ്റിട്ട സിപിഎം നേതാവും ഈരാറ്റുപേട്ട നഗരസഭാ പ്രതിപക്ഷ നേതാവുമായ അനസ് പാറയില്‍ പോസ്റ്റ് പിന്‍വലിച്ചു.
അനസിന്റെ പോസ്റ്റ് പ്രാദേശിക സമൂഹമാധ്യമ കൂട്ടായ്മകളില്‍ വലിയ ചര്‍ച്ചയായതിനു പിന്നാലെ മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു. അനസ് പാറയിലിനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം നീക്കം തുടങ്ങിയതിനു പിന്നാലെയാണ് പോസ്റ്റ് പിന്‍വലിച്ചതെന്നാണ് സൂചന.
ഭാര്യയെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം പാര്‍ട്ടി നേതൃത്വം തള്ളിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു സമൂഹമാധ്യമ പോസ്റ്റിലൂടെ രാജി പ്രഖ്യാപനം നടത്തിയത്. ഔദ്യോഗിക സ്ഥാനങ്ങളല്ലാതെ സിപിഎമ്മിന്റെ അംഗത്വം രാജിവയ്ക്കുന്നതായി കുറിപ്പില്‍ പറഞ്ഞിരുന്നില്ല.
സീറ്റ് വിഷയം ചര്‍ച്ച ചെയ്യാമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചതായാണ് സൂചന. 26-ാം ഡിവിഷനായ കല്ലോലിയില്നിന്നുള്ള കൗണ്‍സിലറാണ് അനസ് പാറയില്‍. രാജിക്കു പിന്നാലെ കല്ലോലി ഡിവിഷനില്‍നിന്ന് അനസിന്റെ ഭാര്യ ബീമാ അനസ് ജനകീയ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പോസ്റ്ററും പ്രചരിച്ചിട്ടുണ്ട്.
എല്‍ഡിഎഫ് ഇലക്ഷന് കമ്മിറ്റി കണ്‍വീനറുടെ പേരിലാണ് പോസ്റ്റര്‍ ഇറങ്ങിയിട്ടുള്ളതെന്നാണ് ഇതിലെ രസകരമായ വസ്തുത.എന്നാല്‍ പാര്‍ട്ടിയാണ് വലുത്, ആരും അതിന് മുകളില്‍ വരില്ലെന്ന് വ്യക്തമാക്കി പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടേതായി ഫേസ്ബുക്കില്‍ പോസ്റ്റ് വന്നിട്ടുണ്ട്.

