സ്വന്തം ലേഖകന്‍
കോഴിക്കോട്: യുവതിക്ക് ഫ്ലാറ്റ് എടുത്ത് നല്‍കിയതിനു സസ്പന്ഷന് നടപടി നേരിട്ട സീനിയര്‍ സിവില്‍ പോലീസുകാരനെ ലിവിംഗ് ടുഗെദര്‍ ആരോപിച്ച് സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ നീക്കം.
ഫറോഖ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വളളിക്കുന്നിനെയാണ് പുറത്താക്കാന്‍ ശ്രമം നടക്കുന്നത്. മുന്നോടിയായി സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോർജ് വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടു.
രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ആവശ്യപ്പെട്ട് ട്രാഫിക് നോര്‍ത്ത് അസി.കമ്മീഷണര്‍ പി.കെ.രാജുവിനാണ് അന്വേഷണ ചുമതല.
കണ്ട്രോള് റൂമില്‍ ജോലി ചെയ്തുവരവെ ഫ്ലാറ്റ് എടുത്തു നല്‍കിയെന്ന യുവതിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് ഉമേഷിനെതിരേ അച്ചടക്കലംഘന ആരോപണം ഉയരുന്നത്. ഫ്ലാറ്റ് എടുത്ത് നല്കിയ യുവതിയും ഉമേഷും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്.
കഴിഞ്ഞ ഏതാനും മാസം മുമ്പ് വിവാഹിതരാവുകയും ചെയ്തിട്ടുണ്ട്. ഇതിനിയെയാണ് പുറത്താക്കാന്‍ നീക്കം നടക്കുന്നത്.
ഇതേകാരണത്താൽ ഉമേഷിനെ സസ്പന്റ് ചെയ്തിരുന്നു. വിശദമായ അന്വേഷണത്തിനായി നടക്കാവ് ഇന്‍സ്പക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിനിടെ ഉമേഷിനെ സര്‍വീസില്‍ തിരിച്ചെടുത്തു.
അതിനിടെയാണ് പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ ശരിവച്ചുകൊണ്ട് നടക്കാവ് സിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ന്നാണ് മുന്‍ അച്ചടക്ക നടപടി കൂടി ഉള്‍പ്പെടുത്തി ഏകീകൃത റിപ്പോര്‍ട്ട് തയാറാക്കാന്‍ കമ്മീഷണറുടെ നിര്‍ദേശം.
അതേസമയം യുവതിക്ക് ഫ്ലാറ്റ് എടുത്ത് നല്‍കിയെന്നത് അച്ചടക്കലംഘനമായി കണക്കാക്കുന്ന രീതിക്കെതിരേ സേനാംഗങ്ങള്‍ക്കിടയില്‍ അതൃപ്തിയുണ്ട്.
ഇന്ത്യന്‍ പൗരനെന്ന നിലയിലുള്ള സ്വാതന്ത്ര്യം പോലും പോലീസില്‍ നിഷേധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നാണ് ഇവര്‍ പറയുന്നത്.

