പരവൂർ (കൊല്ലം): ദീർഘ ദൂര ട്രെയിനുകളിൽ യാത്രക്കാർ നേരിടുന്ന പ്രധാന പ്രശ്നം ശുചിത്വമില്ലായ്മയെന്ന് സിഎജിയുടെ ഓഡിറ്റ് റിപ്പോർട്ട്.
ശ്വാസം മുട്ടുന്ന ടോയ്ലറ്റുകൾ, വൃത്തിഹീനമായ വാഷ് ബേസിനുകൾ, വെള്ളത്തിന്റെ അഭാവം, കോച്ചുകളുടെ ഉൾവശത്തെ മാലിന്യങ്ങൾ എന്നിവയാണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ നടത്തിയ ഓഡിറ്റ് റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
റിപ്പോർട്ട് പ്രകാരം 40 ശതമാനം യാത്രക്കാരും സ്ലീപ്പർ കോച്ചുകൾ അടക്കമുള്ളവയിലെ ടോയ്ലറ്റ് ശുചിത്വത്തിൽ അതൃപ്തരാണ്. 50 ശതമാനം യാത്രക്കാർ ഓൺ ബോർഡ് ഹൗസ് കീപ്പിംഗിലും ഒട്ടും തൃപ്തരല്ല.റെയിൽവേയുടെ 16 സോണുകളിൽ നിന്നുള്ള ഓഡിറ്റ് ഓഫീസുകൾ തെരഞ്ഞെടുത്ത 96 ട്രെയിനുകളിലെ 2,426 ഓൺ ബോർഡ് യാത്രക്കാരിൽ നടത്തിയ വിശദമായ സർവേയുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലുകൾ.
ദീർഘദൂര ട്രെയിനുകളിലെ ശുചിത്വം എന്ന തലക്കെട്ടിൽ ഈ റിപ്പോർട്ട് അടുത്തിടെയാണ് സിഎജി റെയിൽവേ മന്ത്രാലയത്തിന് കൈമാറിയത്. ദീർഘദൂര ട്രെയിനുകളിലെ നിലവാരമില്ലാത്ത അറ്റകുറ്റപ്പണികളെ കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്.ശുചിതമില്ലായ്മ സംബന്ധിച്ച പരാതികളിൽ സമയബന്ധിതമായ ഇടപെടലുകൾ ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. 89 ശതമാനം പരാതികളും നിശ്ചിത സമയ പരിധിക്കുള്ളിൽ പരിഹരിക്കപ്പെട്ടിട്ടുണ്ട്.
ഇക്കാര്യത്തിൽ റെയിൽവേ ഉദ്യോഗസ്ഥരുടെ പ്രതികരണ ശേഷിയെ റിപ്പോർട്ടിൽ പ്രശംസിക്കുന്നുമുണ്ട്.ദീർഘദൂര ട്രെയിനുകളിലെ ശുചിത്വ സാഹചര്യങ്ങൾ മോശമാകുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളായി റിപ്പോർട്ടിൽ പറയുന്നത് മാനവ ശേഷിയുടെയും ക്ലീനിംഗ് ഉപകരണങ്ങളുടെയും അപര്യാപ്തതകളാണ്. ഇക്കാര്യത്തിൽ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുടെ മോശവും ക്രമരഹിതവുമായ നിരീക്ഷണവും മറ്റൊരു കാരണമായി ഓഡിറ്റ് റിപ്പോർട്ടിൽ എടുത്തു പറയുന്നുമുണ്ട്.
ഏസി കോച്ചുകളിലെ ബയോ ടോയ്ലറ്റുകൾ നോൺ ഏസി കോച്ചുകളേക്കാൾ മികച്ച അവസ്ഥയിലാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ശുചിത്വമില്ലായ്മയുടെ കാര്യത്തിൽ ഈസ്റ്റ് കോസ്റ്റ്, വെസ്റ്റേൺ, ഈസ്റ്റേൺ എന്നീ സോണുകളിൽ യാത്രക്കാരുടെ അതൃപ്തി 50 ശതമാനത്തിന് മുകളിലാണ്. ബയോ ടോയ്ലറ്റുകളുടെ ശരിയായ ഉപയോഗം സംബന്ധിച്ച് യാത്രക്കാരിൽ ശരിയായ അവബോധം വളർത്തുന്നതിന് പ്രത്യേക ശ്രമങ്ങൾ അടിയന്തരമായി നടത്തണമെന്ന ശുപാർശയും റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ വർഷം മാത്രം ട്രെയിൻ ടോയ്ലറ്റുകളിലെയും വാഷ് ബേസിനുകളിലെയും ജലക്ഷാമം സംബന്ധിച്ച് ഒരു ലക്ഷത്തിൽ അധികം പരാതികൾ റെയിൽ മദദ് ആപ്പ് വഴി രജിസ്റ്റർ ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.ഇതിന് പരിഹാരം കാണാൻ ദീർഘദൂര ട്രെയിനുകളിലും കൂടുതൽ പരാതികൾ റിപ്പോർട്ട് ചെയ്യുന്ന സ്റ്റേഷനുകളിലും വഴിമധ്യേ വെള്ളം നിറയ്ക്കാൻ സമയബന്ധിത ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്നും സിഎജിയുടെ ശുപാർശ യിലുണ്ട്.
യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും റിപ്പോർട്ടിൽ പങ്കുവയ്ക്കുന്നു.ഡൽഹി-അഹമ്മദാബാദ് സ്വർണ ജയന്തി എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരിയെ അറ്റൻഡർ ബലാത്സംഗം ചെയ്തത് അടക്കം നിരവധി കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.എന്നിട്ടും ട്രെയിനുകളിൽ വിന്യസിച്ചിരിക്കുന്ന കരാർ ജീവനക്കാരുടെ പോലീസ് പരിശോധനാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൽ സോണൽ തല അധികാരികൾ പരാജയപ്പെട്ടതായും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുമുണ്ട്.
എസ്.ആർ. സുധീർ കുമാർ