ഏറ്റുമാനൂർ: ഏറ്റുമാനൂരിൽനിന്ന് മോഷണം പോയ വാഹനം തമിഴ്നാട്ടിൽനിന്ന് വീണ്ടെടുത്ത് ഏറ്റുമാനൂർ പോലീസ്. പേരൂർ സ്വദേശിയുടെ ഉടമസ്ഥതയിൽ പേരൂർ കവലയിൽ പ്രവർത്തിക്കുന്ന അഞ്ജലി ട്രേഡേഴ്സിന്റെ കോമ്പൗണ്ടിനുള്ളിൽനിന്ന് 27നു രാത്രി മോഷണംപോയ ബഡാദോസ്ത് പിക്കപ്പ് വാനാണ് ഇന്നലെ തമിഴ്നാട്ടിൽനിന്ന് വീണ്ടെടുത്തത്.
പ്രതി ഒഡീഷ സ്വദേശി രത്നകാർ പദ്ര(24)യെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.27ന് രാത്രി എട്ടിനു ശേഷമാണ് വാഹനം മോഷ്ടിക്കപ്പെട്ടത്. 28ന് വെളുപ്പിന് പരാതി ലഭിച്ചയുടൻ പ്രതി വാഹനവുമായി പോകാൻ സാധ്യതയുള്ള ബോർഡറുകളിലേക്ക് സന്ദേശമയയ്ക്കുകയും പ്രത്യേക അന്വേഷണസംഘം തെരച്ചിൽ ആരംഭിക്കുകയും ചെയ്തു.
ഏറ്റുമാനൂർ പോലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്നാട് പെരുന്തുറ പോലീസ് വാഹനം തിരിച്ചറിഞ്ഞ് വാഹനവും പ്രതിയെയും തടഞ്ഞുവച്ചു. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി വാഹനവും പ്രതിയെയും കസ്റ്റഡിയിലെടുത്തു കൊണ്ടുവരികയായിരുന്നു.
ഏറ്റുമാനൂർ എസ്എച്ച്ഒ എ. അൻസിലിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അഖിൽദേവ്, റെജിമോൻ, എഎസ്ഐ ഗിരീഷ് കുമാർ, സിപിഒമാരായ സാബു, അജിത്ത് എം. വിജയൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

