ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തതിനെത്തുടര്‍ന്ന് കടക്കെണിയിലായ ലോട്ടറി വില്പനക്കാരി വീട്ടമ്മയ്ക്ക് സഹായവുമായി സുമനസുകള്‍. തൊടുപുഴ സ്വദേശിനിയും കോതനല്ലൂരില്‍ വാടകയ്ക്കു താമസിക്കുന്നതുമായ ലോട്ടറി വില്പനക്കാരി ചേരിചട്ടിയില്‍ പി.കെ. രാജിയുടെ ലോട്ടറി ടിക്കറ്റുകളാണ് ഏറ്റുമാനൂര്‍ ടൗണില്‍വച്ച് യുവാവ് തട്ടിയെടുത്തത്.നടന്ന് ലോട്ടറി വിൽക്കുന്നതിനിടെ പേരൂര്‍ കവലയ്ക്കു സമീപത്തുവച്ച് കാല്‍നടയായെത്തിയ യുവാവ് ബുധനാഴ്ചത്തെ ഭാഗ്യക്കുറിയുണ്ടെങ്കില് നോക്കട്ടെയെന്ന് പറഞ്ഞ് രാജിയുടെ അടുത്തെത്തി.
രാജി ഉടന്‍തന്നെ കൈയിലുണ്ടായിരുന്ന ലോട്ടറിയുടെ കെട്ട് യുവാവിനു നല്കി. ലോട്ടറി തെരഞ്ഞെടുക്കാനെന്ന ഭാവത്തില്നിന്ന യുവാവ് “വാങ്ങിയ ലോട്ടറിക്കെട്ട്’’ തിരികെ നല്‍കിയശേഷം പാലാ റോഡിലൂടെ നടന്നു മുന്നോട്ടുപോയി. ഈ ലോട്ടറി പരിശോധിച്ചപ്പോഴാണ് തിരികെ തന്നത് പഴയ ലോട്ടറി ടിക്കറ്റാണന്നു രാജിക്ക് മനസിലാകുന്നത്. തന്നെ കബളിപ്പിച്ച യുവാവിനെ തെരഞ്ഞ് ഇവര്‍ പുറകെ ഓടിയെങ്കിലും കള്ളനെ കണ്ടെത്താനായില്ല.
തുടര്‍ന്ന് രാജി ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. 120 ടിക്കറ്റാണ് മോഷ്ടാവ് തട്ടിയെടുത്തത്. നറുക്കെടുപ്പ് ഫലം വന്നപ്പോള്‍ നഷ്ടപ്പെട്ട 12 ടിക്കറ്റുകള്‍ക്ക് 500 രൂപ വീതം സമ്മാനം ലഭിച്ചതായും രാജി പറയുന്നു. തിരികെ വീട്ടിലെത്തിയ രാജി മകളുടെ കാതില്‍ക്കിടന്ന കമ്മല്‍ പണയം വച്ചാണ് ലോട്ടറി ഏജന്‍സിയില്‍ പണം നല്‍കിയത്.
സ്വന്തമായി വീടില്ലാത്ത രാജിയുടെ നിസഹായവസ്ഥയറിഞ്ഞ് കുമാരനല്ലൂര്‍ സ്വദേശിയായ പോള്‍ മാത്യു ഇന്നലെ ഇവര്‍ക്ക് 10,000 രൂപ സഹായമായി നല്കി. രാവിലെ ഏജന്‍സിയില്‍നിന്ന് കടമെടുക്കുന്ന ടിക്കറ്റിന്റെ വില വൈകുന്നേരമാണ് തിരികെ നല്‍കുന്നത്. ലോട്ടറി ടിക്കറ്റ് വിറ്റാണ് രാജി കുടുംബം പുലര്‍ത്തുന്നത്. ഭിന്നശേഷിക്കാരനായ രാജിയുടെ ഭര്‍ത്താവ് രാജു കോതനല്ലൂരിൽ ലോട്ടറിക്കച്ചവടം ചെയ്യുന്നുണ്ട്.
14 വര്‍ഷമായി ലോട്ടറി വില്പന നടത്തുന്നയാളാണ് രാജി. 10 വര്‍ഷമായി ഇവര്‍ ഏറ്റുമാനൂരിലും പരിസരപ്രദേശങ്ങളിലുമാണ് ലോട്ടറിക്കച്ചവടം നടത്തുന്നത്. ഇവരുടെ പരാതിയില്‍ ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തു.