കോട്ടയം: കുത്തിമറിഞ്ഞ് പാടശേഖരത്തിലേക്ക് വെള്ളമിറങ്ങുന്നത് ഒരു പറ്റം യുവാക്കളുടെ കഷ്ടപ്പാട് വ്യഥാവിലാക്കിക്കൊണ്ടാണ്. കൊയ്ത്ത് പൂർത്തിയാകാത്ത വിഎംകെ പാടശേഖരത്തിൽ മടവീഴ്ച. കഴിഞ്ഞ ആഴ്ച കൊയ്ത്ത് തുടങ്ങിയിരുന്നെങ്കിലും ഇടവിട്ടു പെയ്ത മഴ കൊയ്ത്ത് തടസപ്പെടുത്തി.
കഴിഞ്ഞ ദിവസങ്ങളിൽ മഴ കനത്തതോടെ പാടത്തിന്റെ മൂന്നു ചുറ്റിനുമുള്ള ബണ്ടുകൾ മടവീഴ്ച ഭീഷണിയിലായിരുന്നു. പാടത്തുനിന്ന് വെള്ളം പന്പ് ചെയ്ത് നീക്കാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും ഇന്ന് രാവിലെ മട തകരുകയായിരുന്നു. മട ബലപ്പെടുത്താനുള്ള ശ്രമം കർഷകർ തുടങ്ങിയിട്ടുണ്ട്.
കൈതയിൽക്കെട്ട് കാർഷിക വികസന സംഘത്തിന്റെ മേൽനോട്ടത്തിൽ 20 ഏക്കർ പാടത്ത് കൃഷി നടത്തിയിട്ടുണ്ട്. ഇതിൽ അഞ്ചേക്കറിൽ കൊയ്ത്തു നടത്തിയെങ്കിലും ഇടവിട്ടുള്ള മഴയെത്തുടർന്ന് കൊയ്ത്ത് യന്ത്രങ്ങൾ പാടത്തു താഴ്ന്നു. ഇതോടെ കൊയ്ത്ത് നിർത്തിവയ്ക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയായി പെയ്യുന്ന മഴയിൽ 15 ഏക്കർ പാടത്തെ നെൽകൃഷി നശിച്ചു. പുറം പാടങ്ങളിലും ഇതേ അവസ്ഥയാണ്. മീനച്ചിലാർ – മീനന്തറയാർ – കൊടൂരാർ നദീ പുനർസംയോജന പദ്ധതിയുടെ ഭാഗമായിട്ടാണ് 12 വർഷമായി തരിശു കിടന്ന ഈ പാടശേഖരത്ത് ഒരു മീനും ഒരു നെല്ലും രീതിയിൽ പ്രദേശത്തെ കർഷകർ കൃഷിയിറക്കിയത്. കഴിഞ്ഞ ഡിസംബർ രണ്ടിനു കൃഷി മന്ത്രി വി.എസ്. സുനിൽകുമാറാണ് വിത്തു വിതച്ചത്.