കൂത്തുപറമ്പ്: കൂത്തുപറമ്പിൽ ബൈക്കിൽ വീട്ടിലെത്തിയ ആൾ വയോധികയുടെ സ്വർണമാല കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതം. മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു.
നീല ജൂപ്പിറ്റർ സ്കൂട്ടറിൽ ഹെൽമറ്റും മാസ്കും ധരിച്ചെത്തിയ ആളുടെ ദൃശ്യമാണ് പോലീസ് പുറത്തുവിട്ടത്. സ്കൂട്ടറിന്റെ നമ്പറും മറച്ച നിലയിലാണ്. കണിയാർ കുന്നിലെ കുന്നുമ്മൽ ഹൗസിൽ പി. ജാനകിയുടെ ഒരു പവനിലധികം തൂക്കം വരുന്ന സ്വർണമാലയാണ് ബൈക്കിലെത്തിയ ആൾ ഇന്നലെ പൊട്ടിച്ചു കടന്നുകളഞ്ഞത്.
വീടിന്റെ പിൻവശത്തുനിന്നും മീൻ മുറിക്കുന്നതിനിടെ ജാനകിയുടെ കഴുത്തിൽ നിന്നു മാല പൊട്ടിച്ച ശേഷം വീടിന്റെ ഉള്ളിൽ പ്രേവേശിച്ച് മുൻ ഭാഗത്തുകൂടിയാണ് ഓടി രക്ഷപ്പെട്ടതെന്ന് ജാനകിപറയുന്നു.
മോഷ്ടാവ് ഹെൽമറ്റ് ധരിച്ചിരുന്നുവെന്നും കണ്ണിന് കാഴ്ചക്കുറവുള്ളതിനാൽ ആളെ വ്യക്തമായി കാണാൻ സാധിച്ചില്ലെന്നും ജാനകി പറയുന്നു.
സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ജാനകിയുടെ നിലവിളി കേട്ട് സമീപത്തെ വീട്ടുകാർ ഓടിയെത്തുമ്പോഴേക്കും മോഷ്ടാവ് ബൈക്കിൽ രക്ഷപ്പെട്ടിരുന്നു.