കോട്ടയം: മാങ്ങാനത്ത് വീടു കുത്തിപ്പൊളിച്ച് 50 പവന് സ്വര്‍ണം മോഷ്ടിച്ച സംഘം ജില്ലയില്‍ കറങ്ങുന്നതിനാല്‍ അതീവ ജാഗ്രതയില്‍ പോലീസ്. ശനിയാഴ്ച പുലര്‍ച്ചെയാണ് മാങ്ങാനം സ്കൈലൈന്‍ പാം മെഡോസില്‍ 21-ാം നമ്പര്‍ വില്ലയില്‍ താമസിക്കുന്ന അമ്പുക്കയത്ത് അന്നമ്മ തോമസ് (84), മകള്‍ സ്നേഹ ബി. ഫിലിപ് (54) എന്നിവരുടെ സ്വര്‍ണം മോഷണം പോയത്. അന്നമ്മയ്ക്കു ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്ന്നു പുലര്‍ച്ചെ രണ്ടിന് മാങ്ങാനത്തെ ആശുപത്രിയില്‍ പോയി രാവിലെ ആറിനു മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്.
കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 15 അംഗ സ്ക്വാഡാണ് കേസ് അന്വേഷിക്കുന്നത്. മോഷ്ടാക്കള്‍ ഉത്തരേന്ത്യന്‍ സംഘത്തില്‍പ്പെട്ടവരാണെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇത്തരം സംഘത്തില്‍പ്പെട്ടവര്‍ എത്തിയാല്‍ ഒന്നിലധികം മോഷണങ്ങള്‍ നടത്തിയശേഷമേ മടങ്ങിപ്പോകാറുള്ളൂ.
പതിവായി ഇത്തരം സംഘങ്ങള്‍ ട്രെയിനിലെത്തി ഒരു സ്ഥലത്ത് തമ്പടിച്ച് പകല്‍സമയങ്ങളില്‍ കറങ്ങിനടന്ന് വീടുകള്‍ നോക്കിവച്ചശേഷം അര്‍ധരാത്രിക്കുശേഷം മോഷണം നടത്തി മടങ്ങുകയാണു പതിവെന്ന് പോലീസ് പറയുന്നു. ഒന്നിലധികം മോഷണങ്ങള്‍ പതിവാക്കിയ സംഘം ജില്ല വിട്ടിട്ടില്ലെന്നാണ് സൂചന.
അതിനാല്‍ തുടര്‍ന്നും ഇത്തരം മോഷണങ്ങള്‍ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പോലീസ് അതീവ ജാഗ്രതയിലാണ്. പോലീസ് പരിശോധനകളും പട്രോളിംഗും ശക്തിപ്പെടുത്തിയിട്ടുണ്ട്. മോഷ്ടാക്കള്‍ തമ്പടിക്കാന്‍ സാധ്യതയുള്ള മറ്റു സ്ഥലങ്ങളില്‍ കേന്ദ്രീകരിച്ചും അന്വേഷണവും പരിശോധനകളും വ്യാപകമാക്കിയിരിക്കുകയാണ്.
മാങ്ങാനം സ്കൈലൈന്‍ പാം മെഡോസില്‍ വില്ലകള്‍ ലക്ഷ്യമാക്കി മോഷ്ടാക്കള്‍ എത്തിയ സമയത്തായിരിക്കാം അന്നമ്മയും മകള്‍ സ്നേഹയും ആശുപത്രിയിലേക്കു പോകുന്നത്. ഇതോടെ ആളില്ലെന്ന് മനസിലാക്കിയ മോഷ്ടാക്കള്‍ ഇവരുടെ വീട്ടില്‍ കയറുകയായിരിക്കാമെന്നാണു പോലീസ് പറയുന്നത്.
മോഷണം നടന്ന സമയത്തു പ്രദേശത്തെ ടവറുകളിലൂടെ കടന്നുപോയിട്ടുള്ള ഫോണ്‍ വിളികളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്. ആയിരത്തോളം ഫോണ്‍ കോളുകളാണു മോഷണം നടന്ന സ്ഥലത്തെ ടവറിലൂടെ രാത്രി 11 മുതല്‍ പുലര്‍ച്ചെ വരെയുള്ള സമയത്തു കടന്നുപോയിട്ടുള്ളത്.
മെലിഞ്ഞ ശരീരപ്രകൃതിയുള്ള നാലുപേരുടെയും ബാഗുമായി എത്തിയ ഒരാളുടെയും ദൃശ്യങ്ങളാണ് പോലീസിനു ലഭിച്ചിരിക്കുന്നത്. ഈ ചിത്രങ്ങള്‍ റെയില്‍വേ പോലീസിനു കൈമാറിയിട്ടുണ്ട്. മോഷണം നടന്ന വില്ലയുടെ സമീപത്തുള്ള മറ്റു വില്ലകളുടെ പരിസരങ്ങളിലും മോഷ്ടാക്കളെത്തിയിരുന്നു. ഇവിടെനിന്നു മോഷ്ടാവിന്റേതെന്നു കരുതുന്ന വിരലടയാളം ലഭിച്ചു.