പാലാ: കൈകളില് പനിനീര്പൂക്കളുമായി സെന്റ് മേരീസ് സ്കൂളിലെ കുട്ടികള് കാത്തുനിന്നു. തങ്ങളുടെ പ്രിയ സഹപാഠിക്ക് അന്തിമോപചാരം അര്പ്പിക്കാന്.സ്കൂള് കവാടം മുതല് ഇരുവശങ്ങളിലുമായി അണിനിരന്ന കുട്ടികളില് പലരും ചേതനയറ്റ ശരീരമായി അന്നമോള് കടന്നുവന്നപ്പോള് തേങ്ങലടക്കാന് പാടുപെട്ടു.
നൂറുകണക്കിന് പനിനീര് പുഷ്പങ്ങളാണ് പ്രിയപ്പെട്ട സഹപാഠിക്ക് ഇവര് സമര്പ്പിച്ചത്. മുണ്ടാങ്കലില് കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തില് മരിച്ച പാലാ സെന്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്ഥിനി അല്ലാപ്പാറ പാലക്കുഴക്കുന്നില് സുനിലിന്റെ ഏകമകള് അന്നമോളുടെ ഭൗതികശരീരമാണ് ഇന്നലെ രാവിലെ സ്കൂളിലെത്തിച്ചത്.
അന്നമോള്ക്ക് അന്ത്യയാത്ര നല്കാന് വിദ്യാര്ഥികള്ക്കും അധ്യാപകര്ക്കുമൊപ്പം രാഷ്ട്രീയ സാമൂഹ്യ പ്രവര്ത്തകരും എത്തിയിരുന്നു. മാണി സി. കാപ്പന് എംഎല്എ, മോണ്. സെബാസ്റ്റ്യന് വേത്താനത്ത്, നഗരസഭാ ചെയര്മാന് തോമസ് പീറ്റര്, വൈസ് ചെയര്പേഴ്സണ് ബിജി ജോജോ, ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്, കേരള കോണ്ഗ്രസ് -എം നിയോജകമണ്ഡലം പ്രസിഡന്റ് ടോബിന് കെ. അലക്സ്, ബേബി ഉഴുത്തുവാല്, ജോസുകുട്ടി പൂവേലില് തുടങ്ങിയവര് സ്കൂളിലെത്തി അന്തിമോപചാരം അര്പ്പിച്ചു.
ളാലം പഴയപള്ളി വികാരി ഫാ. ജോസഫ് തടത്തില്, സഹവികാരി ഫാ. ജോസഫ് ആലഞ്ചേരി, ഫാ. ജോസഫ് തെങ്ങുപള്ളില് എന്നിവര് പ്രാര്ഥനാ ശുശ്രൂഷകള്ക്ക് നേതൃത്വം നല്കി. ഹെഡ്മിസ്ട്രസ് സിസ്റ്റര് ലിസ്യു എഫ്സിസി, പിടിഎ പ്രസിഡന്റ് പാട്രിക് ജോസഫ്, മറ്റു ഭാരവാഹികള്, അധ്യാപകര് എന്നിവര് നേതൃത്വം നല്കി.
അമ്മയ്ക്കൊപ്പം ഒരേ കല്ലറയില് അന്ത്യനിദ്ര
അന്നമോളുടെ അന്ത്യനിദ്ര അമ്മയെക്കൊപ്പം. അമ്മയുടെ കല്ലറയില് തന്നെയാണ് അന്നാമോളെയും സംസ്കരിച്ചത്. പ്രവിത്താനം സെന്റ് അഗസ്റ്റ്യന്സ് ഫൊറോനപള്ളിയില് നടന്ന സംസ്കാര ശുശ്രൂഷകള്ക്ക് ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്മികത്വം വഹിച്ചു.ഫൊറോന വികാരി ഫാ. ജോര്ജ് വേളൂപ്പറമ്പില്, കോര്പറേറ്റ് സെക്രട്ടറി ഫാ. ജോര്ജ് പുല്ലുകാലായില് തുടങ്ങിയവര് സഹകാര്മികരായിരുന്നു.
ഇക്കഴിഞ്ഞ അഞ്ചിന് മുണ്ടാങ്കലിലുണ്ടായ വാഹനാപകത്തില് അന്നു തന്നെ അന്നാമോളുടെ അമ്മ അല്ലാപ്പാറ പാലക്കുഴിക്കുന്നേല് സുനിലിന്റെ ഭാര്യ ജോമോള് മരണപ്പെട്ടിരുന്നു. സംസ്കാരം ഏഴിന് പ്രവിത്താനം സെന്റ് അഗസ്റ്റിന്സ് ഫൊറോന പള്ളിയില് നടത്തി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില് ചികിത്സയിലായിരുന്ന അന്നമോള് കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്.
ഇന്നലെ രാവിലെ അന്നമോള് പഠിച്ച സ്കൂളില് സഹപാഠികള്ക്കും അധ്യാപകര്ക്കും അന്തിമോപചാരം അര്പ്പിക്കുന്നതിനും പ്രാര്ഥനാ ശുശ്രൂഷകള്ക്കുമായി എത്തിക്കുകയായിരുന്നു.തുടര്ന്ന് മൃതദേഹം അല്ലാ പ്പാറയിലുള്ള വസതിയിലും പ്രവിത്താനം സെന്റ് അഗസ്റ്റി ന്സ് ഫൊറോന പള്ളി പാരിഷ് ഹാളിലും പൊതുദര്ശനത്തിന് വച്ചു. ഇവിടെയും സമൂഹത്തിന്റെ നാനാ തുറകളിലുമുള്ള നൂറുകണക്കിന് ആളുകള് അന്തിമോപചാരം അര്പ്പിക്കാന് എത്തിയിരുന്നു. സംസ്കാര ശുശ്രൂഷകളിലും വന്ജനാവലി പങ്കെടുത്തു.