കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്കാനിലെ ശങ്കരാഭരണത്തിലൂടെ നടന് മണികണ്ഠന് ആചാരിക്കു വീണ്ടും കരിയര്‍ ഹിറ്റ്. 2024ല്‍ ഒരു നടനെ മോഹിപ്പിക്കുന്ന വേഷങ്ങളിലൂടെയാണ് മണികണ്ഠന്റെ യാത്രകള്‍. വര്‍ഷാദ്യം മോഹന്‍ലാലിനൊപ്പം ലിജോ ജോസ് പെല്ലിശേരി സിനിമ മലൈക്കോട്ടൈ വാലിബന്. ഭ്രമയുഗത്തില്‍ സസ്പെൻസ് വേഷം. പെര്‍ഫോമന്‍സ് തിളക്കത്തില്‍ ശങ്കരാഭരണം.
‘ കമ്മട്ടിപ്പാടം കഴിഞ്ഞ് ഒരുപാടു നല്ല സിനിമകളും കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. പക്ഷേ, ടോട്ടല്‍ സിനിമ കത്തിക്കയറിയാല്‍ മാത്രമേ അതിലെ നടനെക്കുറിച്ചും മറ്റും സംസാരിക്കപ്പെടുകയുള്ളൂ. എന്റെ ഉയിര്ത്തെഴുന്നേല്പ്പു തന്നെയാണ് ശങ്കരാഭരണം. വാലിബന് വേറെ ലെവലിലാണ് സ്വീകരിക്കപ്പെട്ടിരുന്നതെങ്കില്‍ ഈ ഹിറ്റ്, എനിക്കു നേരത്തേ കിട്ടിയേനെ’- മണികണ്ഠന് ആചാരി രാഷ്്ട്രദീപികയോടു പറഞ്ഞു.
അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ടോ…
കമ്മട്ടിപ്പാടവും ബാലനും സംഭവിച്ചത് എന്റെ കലാജീവിതത്തില്‍ 20 വര്‍ഷത്തിനു ശേഷമാണ്. നാടകാന്വേഷണം, സിനിമാന്വേഷണം, അതിനിടെയുള്ള ഒരുപാടു യാത്രകള്‍… എല്ലാംകഴിഞ്ഞ് ഞാന്‍ ആ വേഷത്തിനു പക്വതപ്പെട്ടപ്പോഴായിരുന്നു ബാലന് എന്ന ഹിറ്റ്. അടുത്ത ഹിറ്റിലേക്കു പോകുമ്പോള്‍ അതിനെ മനസിലാക്കാനും അതില്‍ തകര്ന്നുപോകാതിരിക്കാനുമുള്ള കാലയളവായിരുന്നു പോയ എട്ടു വര്‍ഷങ്ങള്‍. ആദ്യ സിനിമയ്ക്കുശേഷം കാര്യമായി ഒന്നും ചെയ്യാനാകാതെ റൂട്ടുമാറിപ്പോയവര് എത്രയോ പേരുണ്ട്. 2016ല്‍ സിനിമയിലെത്തി ഇന്നുവരെ ചെറുതും വലുതുമായ വേഷങ്ങളിലൂടെ ഞാന്‍ ജനങ്ങളുടെ മനസിലുണ്ട്, സിനിമയിലുണ്ട്. കേള്‍വിയും കാഴ്ചയുമാണ് എന്റെ വിദ്യാഭ്യാസം.
ഞാന്‍ കുട്ടിയില്‍നിന്നു മുതിര്‍ന്ന ഒരാളിലേക്കു വളര്‍ന്നുവെന്നു വിശ്വസിക്കുന്നു. കാരണം, കുട്ടികള്‍ക്കാണല്ലോ സങ്കടവും പരാതിയും പരിഭവവും ഉണ്ടാവുക. അതെല്ലാം എനിക്കും ഉണ്ടായിരുന്നു. മനപ്പൂര്‍വം എന്റെ അവസരങ്ങള്‍ തട്ടിമാറ്റുന്നു, ആരൊക്കെയോ ഒറ്റപ്പെടുത്തുന്നു എന്നൊക്കെ. തോന്നലായിരുന്നുവെന്നു പിന്നീടു മനസിലായി. നമ്മള് പണിയെടുക്കണം. ഫലം, കിട്ടേണ്ട സമയത്തു കൃത്യമായി കിട്ടും. ആരെങ്കിലും വിചാരിച്ചാല്‍ ഇല്ലാതാക്കാനാവുന്നതല്ല കല. ഒറ്റപ്പെടുത്തുന്നു, തഴയുന്നു, അവഗണിക്കുന്നു… ഇതൊക്കെ നമ്മള്‍തന്നെ നമ്മളെ ആശ്വസിപ്പിക്കാനുണ്ടാക്കുന്ന വാക്കുകളായിട്ടാണ് എനിക്ക് ഇന്നു ഫീല്‍ ചെയ്യുന്നത്.
മലൈക്കോട്ടൈ വാലിബനില്‍…
ലിജോ സാറിനോട് അങ്കമാലി ഡയറീസിന്റെ സമയത്ത് അവസരം ചോദിച്ചിരുന്നു. കമ്മട്ടിപ്പാടത്തില്‍ നന്നായി ചെയ്തുവെന്നും ഒരുമിച്ചു വര്‍ക്ക് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. നന്‍പകല്‍ നേരത്തില്‍ ഒരു കഥാപാത്രം ഞാന്‍ ചെയ്താല്‍ ശരിയാകുമോ എന്ന് ആലോചിക്കുന്നതായി പറഞ്ഞു. പക്ഷേ, ലിജോ സാറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ അവസരം കിട്ടിയതു വാലിബനിലാണ്. കായംകുളം കൊച്ചുണ്ണിയില്‍ ലാല്‍ സാറുമായി കോംബിനേഷനില്ലായിരുന്നു. വാലിബനില്‍ 40-45 ദിവസം ഒരുമിച്ചു നില്‍ക്കാനും സംസാരിക്കാനും കഥാപാത്രമായി ലാലേട്ടനെ കെട്ടിപ്പിടിക്കാനുമൊക്കെ അവസരമുണ്ടായി. ഫാന്‍ബോയി എന്ന നിലയിലും ഹാപ്പിയായി.
ഇതില്‍ ഒരടിമയാണ് എന്റെ കഥാപാത്രം. രാജാവിനെ കീഴടക്കി കോട്ട ഭരിക്കുന്ന വിദേശിയെ എതിര്‍ത്തതിനു ജയിലിലായവരില്‍ ഒരാള്‍. പിന്നീടു വാലിബന് വന്നു മോചിപ്പിക്കുകയും വാലിബനൊപ്പം കൂടുകയും ചെയ്യുന്നു. ഒറ്റ ദിവസം കൊണ്ടു തീര്‍ത്ത ഡബ്ബിംഗ് ലിജോ സാറിന്റെ സാന്നിധ്യത്തില്‍ കറക്ഷന് ചെയ്തതു മൂന്നു ദിവസം! ശബ്ദത്തിന്റെ ഇടര്‍ച്ചയ്ക്കും തളര്‍ച്ചയ്ക്കും ഗാംഭീര്യത്തിനുമെല്ലാം പ്രാധാന്യമുണ്ടെന്നു ബോധ്യമായ അവസരം. വാലിബനില്‍ സഹകരിച്ചതുകൊണ്ട് യാതൊരുവിധ നിരാശയോ നഷ്ടബോധമോ ഇല്ല. എന്നിലെ ആക്ടറിന് ഈ വര്‍ഷമാദ്യം ധൈര്യം തന്ന സിനിമയാണത്. കിട്ടിയ വേഷം വൃത്തിയായി ചെയ്തു എന്ന അഭിപ്രായവുമുണ്ടായി.
ഭ്രമയുഗത്തില്‍….
ഡയറക്ടര്‍ രാഹുലുമായുള്ള കൂടിക്കാഴ്ചയിലാണ് കോരന് എന്ന കഥാപാത്രത്തെക്കുറിച്ചും അതിന്റെ പാറ്റേണിനെക്കുറിച്ചും അറിഞ്ഞത്. സിനിമയില്‍ 10-15 മിനിറ്റ് വരുന്ന കഥാപാത്രം ചെയ്യുന്ന എന്നോടു രണ്ടുമൂന്നു മണിക്കൂര്‍ സംസാരിക്കേണ്ട കാര്യമില്ലെങ്കിലും അദ്ദേഹം അത്രയും പ്രാധാന്യം എന്നിലെ ആക്ടറിനു തന്നു. ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്ന സിനിമയാണെന്ന വിശ്വാസമുണ്ടായിരുന്നു. ആ സിനിമയുടെ സ്വഭാവം എന്താണെന്ന് അറിയിക്കുന്ന കഥാപാത്രം. ഭ്രമവും ഭയവും കാമവും ചേര്‍ന്ന ഐറ്റമാണ് ഇനി വരുന്ന രണ്ടു മണിക്കൂര്‍ നിങ്ങള്‍ കാണാന്‍ പോകുന്നത് എന്നു സൂചിപ്പിക്കുന്ന സീന്‍. ഇതില്‍ മമ്മൂട്ടി സാറുമായി കോംബിനേഷനില്ല. മുമ്പ് മാമാങ്കത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. എന്നെ ഒരുപാടിഷ്ടമുള്ള, സപ്പോര്‍ട്ട് ചെയ്തിട്ടുള്ള വലിയ മനുഷ്യരിലൊരാള്‍.
ശങ്കരാഭരണം…
അഞ്ചക്കള്ള കോക്കാനിലെ എന്റെ എന്‍ട്രി ഷോട്ടാണ് ആദ്യം ഷൂട്ട് ചെയ്ത്. കരിയിലയൊക്കെ വിരിച്ച് വലിയ ഫാനിന്റെ സഹായത്തോടെ കാറ്റടിപ്പിച്ചു. സെറ്റില്‍ എല്ലാവരും നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. ഒരു നായകനു കൊടുക്കുന്ന എന്‍ട്രി. ഒരു പാസിംഗ് ഷോട്ടിനു വിളിച്ചാല്‍ പോലും പോകുമെന്ന അവസ്ഥയില്‍ നില്ക്കുന്ന സമയമായിരുന്നു അത്. ആ ചെറുതും ചെയ്യാന്‍ തയാറായതാണ് ഇന്നു വലുതു കിട്ടാനിടയാക്കിയതെന്നു ഞാനോര്‍ത്തു. സിനിമയെ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് സിനിമ നടത്തുന്ന പരീക്ഷണം. കാമുകനെ പരീക്ഷിക്കാന്‍ കാമുകി പിന്നാലെ നടത്തുന്നതുപോലെ! ആദ്യത്തെ സീന്‍ വന്നപ്പോള്‍ത്തന്നെ മനസുപറഞ്ഞു… ഇതെന്റെ രണ്ടാം വരവാണ്.
കമ്മട്ടിപ്പാടത്തിനു ശേഷം ഇങ്ങനെയൊരു സീന്‍ ഇത്ര നാളായിട്ടും ആരും ആലോചിച്ചിരുന്നില്ല. എന്താണു തുടര്‍ന്നു വരാന്‍ പോകുന്നതെന്ന് എനിക്കറിയില്ല. എങ്ങനെയാണു മേക്ക് ചെയ്യാന്‍ പോകുന്നതെന്നും. ഈയൊരു സീനില്‍ ഞാന്‍ ഏറെ ഹാപ്പിയാണ്- സംവിധായകനോടു ഞാന്‍ പറഞ്ഞു. ആ കഥാപാത്രത്തിന് സംവിധായകന് എന്താണോ ആവശ്യപ്പെട്ടത് അതു 100 ശതമാനം കൊടുക്കാനുള്ള ജോലി ചെയ്തു. അതിനു ഫലമുണ്ടായി.
ശങ്കരാഭരണം എന്ന പേരുള്ള കഥാപാത്രത്തിന് ഇമോഷനുണ്ട്. ഫൈറ്റും പ്രതികാരവുമുണ്ട്. സാധാരണക്കാരന്റെ പ്രതികാരം. സാധാരണ മനുഷ്യനു ജീവിതത്തില്‍ ചെയ്യാന്‍ പറ്റാത്തത് അല്ലെങ്കില്‍ അവന് ചെയ്യണമെന്ന് ആഗ്രഹിക്കുന്നത് അവന്റെ ഒരു രൂപം സ്ക്രീനില്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഒരു സുഖം. എന്നെപ്പോലെയു
ള്ളവര്‍ മാസ് കാണിക്കുമ്പോള്‍, റിവഞ്ച് ചെയ്യുമ്പോള്‍ വിജയിക്കുന്നത് അതുകൊണ്ടാണ്. ഒരു കല്‍പ്പണിക്കാരനോ പെയിന്ററോ മത്സ്യത്തൊഴിലാളിയോ നായകനാകുന്ന ഒരു സുഖം കിട്ടുന്നത് കലാഭവന്‍ മണിയോ വിനായകനോ ഞാനോ നായകനായി വരുമ്പോഴാണെന്ന് അവര്‍ വിശ്വസിക്കുന്നു. അവരാണ് എന്നെ കാണുമ്പോള്‍ കൂടുതല്‍ കൈയടിക്കുന്നത്. അവരാണ് ഞാന്‍ മാസ് കാണിക്കണമെന്ന് ആഗ്രഹിക്കുന്നതും.
ടി.ജി. ബൈജുനാഥ്