ന്യൂഡൽഹി: മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ രാജിക്കു പിന്നാലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ ബിജെപിയിൽ നീക്കമാരംഭിച്ചു. മന്ത്രിമാരായ വൈ. ഖേംചന്ദ് സിംഗ്, ടി. ബിശ്വജിത് സിംഗ് എന്നിവർക്കൊപ്പം സ്പീക്കർ സത്യബ്രത സിംഗും ബിജെപിയുടെ പരിഗണനയിലുണ്ടെന്നാണു സൂചന. സഖ്യകക്ഷികളായ എൻപിപി, എൻപിഎഫ് എന്നിവരുമായി ബിജെപി ചർച്ചകൾ നടത്തുന്നുണ്ട്.
ബജറ്റ് സമ്മേളനത്തിനിടെ കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരാനിരിക്കെയാണ് ഇന്നലെ ബിരേൻ സിംഗ് രാജിവച്ചത്. അവിശ്വാസ പ്രമേയം തടയില്ലെന്നു സ്പീക്കർ അറിയിച്ചതോടെ ബിജെപി നേതൃത്വം ബിരേൻ സിംഗിന്റെ രാജിക്ക് വഴങ്ങുകയായിരുന്നു.
രാജിക്കു പിന്നാലെ മണിപ്പുർ നിയമസഭാ സമ്മേളനം മാറ്റിവയ്ക്കുകയും നിയമസഭ മരവിപ്പിക്കുകയും ചെയ്തു. ഇതോടെ മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കുമെന്ന അഭ്യൂഹവും ഉയർന്നിട്ടുണ്ട്.
രാജിക്കു മുൻപ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ബിരേൺ സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. മണിപ്പുരിൽ സംഘർഷം 21 മാസം പിന്നിടുമ്പോഴാണു മുഖ്യമന്ത്രിയുടെ രാജി ഉണ്ടായത്. മണിപ്പുരിൽ കലാപം ആളിക്കത്തിച്ചത് ബീരേൻ സിംഗാണെന്ന ആരോപണം തുടക്കം മുതൽ ശക്തമായിരുന്നു.
പാർട്ടിക്കുള്ളിൽനിന്നുപോലും രാജി ആവശ്യം ഉയർന്നെങ്കിലും ബിരേൻ സിംഗിനെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി നേതൃത്വം സ്വീകരിച്ചത്.ബിരേൻ സിംഗിന് കലാപത്തിൽ പങ്കുണ്ടോ എന്നത് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സഞ്ചീവ് ഖന്ന അധ്യക്ഷനായ ബഞ്ചിന്റെ പരിഗണനയിലാണ്.