ചെന്നൈ: ചെന്നൈയിൽ റേഞ്ച് റോവർ കാർ ഇരുചക്രവാഹനത്തിൽ ഇടിച്ച് യുവാവ് മരിച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്. ബൈക്കിന്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്ത കോളജ് വിദ്യാർഥി നിതിൻസായ് ആണ് മരിച്ചത്.
സംഭവത്തിൽ ഡിഎംകെ കൗൺസിലറുടെ ചെറുമകൻ ചന്ദ്രു ഉൾപ്പടെയാണ് പിടിയിലായത്. ആദ്യം ഇതൊരു സാധാരണ അപകടമാണെന്നാണ് കരുതിയതെങ്കിലും, യുവാക്കൾ മനഃപൂർവം ഇരുചക്രവാഹനത്തിൽ ഇടിപ്പിച്ചതാണെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി.
രണ്ട് യുവാക്കളും ഒരു വിദ്യാർഥിനിയും തമ്മിലുള്ള ബന്ധത്തെച്ചൊല്ലി വിദ്യാർഥികളുടെ രണ്ട് സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ട് ബൈക്കുകളിലായി പോയ വിദ്യാർഥികളെ കാറിലുണ്ടായിരുന്ന ചന്ദ്രു ഉൾപ്പെടെയുള്ള സംഘം ഭീഷണിപ്പെടുത്തി. വെങ്കിടേശൻ എന്ന വിദ്യാർഥിയായെയും മറ്റൊരാളെയുമായിരുന്നു ചന്ദ്രു ഉൾപ്പടെയുള്ള സംഘം ലക്ഷ്യമിട്ടിരുന്നത്.
എന്നാൽ അഭിഷേക് എന്നയാൾ ഓടിച്ച ബൈക്കിൽ ഇവരുടെ കാർ ഇടിച്ചു. പിന്നിലിരുന്ന നിതിൻ സായി(19)ക്ക് അപകടത്തിൽ ഗുരുതര പരിക്കേൽക്കുകയും മരിക്കുകയുമായിരുന്നു.
സംഭവത്തിൽ മൂന്ന് വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, കൂടാതെ മറ്റ് ചില വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കാറിലുണ്ടായിരുന്ന നാലാമത്തെ വിദ്യാർഥിയെ പോലീസ് തിരഞ്ഞുവരികയാണ്.