വത്തിക്കാൻ: ദിവംഗതനായ ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികദേഹം ഇന്നു മുതൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനത്തിനു വയ്ക്കും.
മൃതദേഹം നിലവിൽ സൂക്ഷിച്ചിരിക്കുന്ന ചാപ്പലിൽനിന്നു പ്രദക്ഷിണമായി ബസിലിക്കയുടെ മുഖ്യകവാടത്തിലൂടെ അകത്തു കയറ്റിയാണു പൊതുദർശനത്തിനു വയ്ക്കുക. ശനിയാഴ്ച കബറടക്ക ചടങ്ങുകൾ ആരംഭിക്കുന്നതുവരെ പൊതുജനത്തിനു ബസിലിക്കയിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരമുണ്ടാകും.
ശനിയാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് സംസ്കാര ശുശ്രൂഷകൾ തുടങ്ങുക.രാഷ്ട്രത്തലവൻമാരും ലോകമെമ്പാടുമുള്ള വിശ്വാസികളും വലിയ ഇടയനെ അവസാനമായി നേരിൽ കാണാൻ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ 7.35നാണു പരിശുദ്ധ പിതാവ് ദിവംഗതനായത്.
അന്നു വൈകുന്നേരംതന്നെ ഭൗതികദേഹം തുറന്ന പെട്ടിയിലാക്കി, അദ്ദേഹം ഔദ്യോഗിക വസതിയായി ഉപയോഗിച്ചിരുന്ന സാന്താ മാർത്ത ഗസ്റ്റ് ഹൗസിന്റെ താഴത്തെ നിലയിലുള്ള ചാപ്പലിലേക്കു മാറ്റിയിരുന്നു. പരിശുദ്ധ പിതാവിന്റെ വിയോഗത്തോടെ സഭയുടെ ഇടക്കാല ചുമതലകൾ നിർവഹിക്കാൻ ചുമതലപ്പെട്ട ‘കമർലെങ്കോ’ കർദിനാൾ കെവിൻ ഫാരെൽ ആണ് ശുശ്രൂഷകൾക്കു നേതൃത്വം നൽകിയത്.
ഫ്രാൻസിസ് മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയപള്ളിയിലാണു (മേരി മേജർ ബസിലിക്ക) ഭൗതികദേഹം കബറടക്കുക. വത്തിക്കാനിൽനിന്ന് നാലു കിലോമീറ്റർ അകലെ, റോം സെൻട്രൽ റെയിൽവേ സ്റ്റേഷനടുത്ത് എസ്ക്വിലീൻ കുന്നിലാണ് ഈ പള്ളി. ഏഴു മാർപാപ്പമാരെ ഈ പള്ളിയിൽ കബറടക്കിയിട്ടുണ്ട് വത്തിക്കാനിലെത്തിച്ചേർന്ന കർദിനാൾമാർ ഇന്നലെ ചേർന്ന ആദ്യ പൊതുയോഗത്തിലാണ് (ജനറൽ കോൺഗ്രിഗേഷൻ) കബറടക്ക തീയതിയും സമയവും നിശ്ചയിച്ചത്.
കർദിനാൾ തിരുസംഘത്തിന്റെ അധ്യക്ഷൻ കർദിനാൾ ജൊവാന്നി ബാത്തിസ്ത റേ ആയിരിക്കും കബറടക്ക കുർബാനയ്ക്കു കാർമികത്വം വഹിക്കുക. കർദിനാൾമാർക്കു പുറമേ ലോകമെന്പാടുംനിന്നുള്ള മെത്രാന്മാരും വൈദികരും പങ്കെടുക്കും. പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിനു മേയ് ആറിനു മുൻപ് തുടക്കമാകും. അതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.