മാന്നാർ: മലയാളി വരൻ മ്യാൻമറിൽനിന്നുള്ള വധുവിന് വരണമാല്യം ചാർത്തിയപ്പോൾ സഫലമായത് ഏറെ നാളത്തെ പ്രണയം. മാന്നാർ കുട്ടംപേരൂർ സ്വദേശി സുധീഷിന് വധുവായത് മ്യാൻമ ർ സ്വദേശിനി വിന്നി.
മാന്നാർ കുട്ടംപേരൂർ പുതുശേരത്ത് വീട്ടിൽ രാമചന്ദ്രൻപിള്ളയുടെയും സരസമ്മയുടെയും മകനായിരുന്നു വരൻ സുധീഷ്. മ്യാന്മർ സ്വദേശി യൂസോ വിനിന്റെയും ഡ്യൂ ക്യൂവിന്റെയും മകൾ വിന്നിയായിരുന്നു വധു. ഇവരുടെ വിവാഹം കുന്നത്തൂർ ശ്രീദുർഗ ഓഡിറ്റോറിയത്തിൽ നടന്നു.
കഴിഞ്ഞ നാലുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.ദുബായ് മാരിയറ്റ് ഹോട്ടൽ ജീവനക്കാരനാണ് സുധീഷ്, വിന്നി അക്വാർ ഹോട്ടൽ ജീവനക്കാരിയും. വിന്നിയുടെ മാതാപിതാക്കൾക്ക് കേരളത്തിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല.
മ്യാൻമറിൽ ബിസിനസ് കുടുംബമാണ് വിന്നിയുടേത്. മുതിർന്ന സഹോദരനും ഉണ്ട്. ദുബായിൽ നടക്കുന്ന റിസപ്ഷനിൽ ഇവർ എത്തിച്ചേരുമെന്ന് ദമ്പതികൾ അറിയിച്ചു. വധൂവരന്മാർ പന്ത്രണ്ടാം തീയതി തിരികെ ദുബായിയിലേക്കു പോകും.