കൊച്ചി: തീരാദുരിതം വിതച്ച് പെയ്തിറങ്ങുന്ന പെരുമഴയിൽ മുങ്ങി കൊച്ചി. മഴയ്ക്ക് അൽപ്പം ശമനം ഉണ്ടായിട്ടുണ്ടെങ്കിലും ജില്ലയുടെ വിവിധ പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ തന്നെ. തീരദേശ മേഖലകളിൽ കടൽക്ഷോഭം രൂക്ഷമായി തുടരുന്നതോടെ ഇവിടെയും ജനജീവിതം ദുരിതപൂർണം.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരത്തോളം കുടുംബങ്ങളെ ഇതിനോടകം മാറ്റിപാർപ്പിച്ചിട്ടുണ്ട്. വിവിധ താലൂക്കുകളിലായി തുറന്ന 35 ഓളം ക്യാന്പുകളിലേക്കായാണ് ഇത്രയധികം കുടുംബങ്ങളെ മാറ്റിയിട്ടുള്ളത്. ഈ ക്യാന്പുകളിലായി 3300 ഓളം പേരാണ് കഴിഞ്ഞുവരുന്നത്.
മഴ ശക്തമായി തുടർന്നാൽ കൂടുതൽ ക്യാന്പുകൾ തുറക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ശനിയാഴ്ച രാത്രി ആരംഭിച്ച മഴയ്ക്ക് അൽപം ശമനമുണ്ടായെങ്കിലും വീടുകളിലും റോഡുകളിലും വെള്ളം നിറഞ്ഞതോടെ ജനജീവിതം ദുരിതപൂർണമാകുകയായിരുന്നു.
കൊച്ചി നഗരത്തിലും സമീപപ്രദേശങ്ങളിലും പല സ്ഥലങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. തൻമൂലം ഗതാഗത കുരുക്കും രൂക്ഷം. കൊച്ചി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഇന്നലെ രാവിലെ മുതൽ അനുഭവപ്പെടുന്ന വെള്ളക്കെട്ടിന് ഇതുവരെ ശമനമായിട്ടില്ല.
സൗത്ത് റെയിൽവേ സ്റ്റേഷൻ ട്രാക്കിൽ വെള്ളം കയറിയതും സിഗ്നൽ സംവിധാനം തകരാറിലായതുംമൂലം തുടരുന്ന ട്രെയിനുകളുടെ വൈകിയോട്ടം തുടരുകയാണ്. ട്രെയിനുകൾ വൈകിയതിനെത്തുടർന്നു പലരും വൈകിയാണ് രാവിലെ ഓഫീസുകളിൽ എത്തിച്ചേർന്നത്.
ട്രെയിൻ ഗതാഗതം താറുമാറായതിനെത്തുടർന്ന് ഇന്നലെ അഞ്ചോളം പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയിരുന്നത്. ഇതിനു പിന്നാലെയാണ് ഇന്നും ട്രെയിനുകൾ വൈകുന്നത്. അതേസമയം, പെരുമഴയിൽ ജില്ലയിൽ 64 വീടുകൾ ഭാഗികമായി തകർന്നു. ഇന്നലെ മാത്രം 77,75,500 രൂപയുടെ കൃഷിനാശമുണ്ടായതാണു പ്രാഥമിക കണക്കുകൾ. വാഴ, റബർ, തെങ്ങ്, കവുങ്ങ്, പച്ചക്കറി, കൂവ എന്നിങ്ങനെ 30.6 ഹെക്ടടറിലെ കൃഷി നശിച്ചു.
ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷമായതിനെത്തുടർന്ന് കരയിലേക്കും സമീപത്തെ വീടുകളിലേക്കും വെള്ളം കയറി. പ്രദേശത്തെ 100 ഓളം വീടുകളിൽ വെള്ളം കയറിയതായാണ് റിപ്പോർട്ട്. കുഴുപ്പിള്ളി, എടവനക്കാട്, ചെറായി, മുനന്പം മേഖലകളിൽ കടൽ ഭിത്തി ഇല്ലാത്ത സ്ഥലങ്ങളിൽ കടൽ വെള്ളം തീരദേശ റോഡുകളിലേക്ക് ഒഴുകി.
അതേസമയം, കനത്ത മഴയിൽ പാലം തകർന്നു, റോഡ് ഇടിഞ്ഞുതാണു എന്ന തരത്തിൽ സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണവും നടക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇത്തരത്തിൽ വ്യാജ പ്രചരണം കണ്ടുതുടങ്ങിയതെന്ന് അധികൃതർ പറഞ്ഞു. പെരുമഴയിൽ ജില്ലയിൽ ഇതുവരെ ഒരു മരണമാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കോതമംഗലം മണികണ്ഠംചാലിൽ പാലവും റോഡും വെള്ളത്തിൽ മുങ്ങിയതിനെത്തുടർന്ന് ഗതാഗതമാർഗമില്ലാതെ വെള്ളാരംകുത്ത് ആദിവാസികുടിയിൽ താമസിക്കുന്ന ടോമി തോമസ്(52)ആണ് യഥാസമയം ചികിത്സ കിട്ടാതെ മരിച്ചത്.