കോതമംഗലം: ഇന്നലെ ഉച്ചയോടെ ആരംഭിച്ച കനത്തമഴയില്‍ ഉരുൾപൊട്ടിയും വീടുകളിൽ വെള്ളം കയറിയും നാശം സംഭവിച്ച മാമലക്കണ്ടത്തും കുട്ടമ്പുഴയിലും ഇന്നലെ രാത്രി രണ്ടോടെ വെള്ളം ഇറങ്ങിയെങ്കിലും ആശങ്ക ഒഴിയുന്നില്ല.
കോവിഡ് മഹാമാരിക്കിടയിൽ ഒരു പ്രളയവും കൂടി നേരിടേണ്ടി വരുമോയെന്ന ആശങ്കയിലാണ് ഇവിടത്തുകാർ. പെരിയാറിൽ ജലനിരപ്പ് ഉയരുവാനുള്ള സാധ്യത മുന്നിൽകണ്ട് ഭൂതത്താൻകെട്ട് ഡാമിന്റെ ഏഴ് ഷട്ടറുകൾ ഉയർത്തി.
കുട്ടമ്പുഴ പഞ്ചായത്തിന്റെ പല ഭാഗത്തും റോഡുകൾ വെള്ളത്തിനടിയിലായതിനെ തുടർന്ന് ഗതാഗതം പൂർണമായി സ്തംഭിച്ചിരുന്നു. ഇന്ന് രാവിലെയും കുട്ടമ്പുഴയുടെ പലഭാഗത്തും വൈദ്യുതി പുനസ്ഥാപിക്കാനായിട്ടില്ല.
മാമലക്കണ്ടത്ത് മഹാപ്രളയത്തിൽ പോലും ഉണ്ടാകാത്തത്ര വലിയ വെള്ളപ്പൊക്കമാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. അമ്പത് വർഷത്തെ ഓർമയിൽ ഇത്രവലിയ വെള്ളപ്പൊക്കമുണ്ടായിട്ടില്ലെന്നും പറയുന്നു. മാമലകണ്ടം താലിപ്പാറയ്ക്ക് സമീപം കൊല്ലപ്പാറയില്‍ ജനവാസമേഖലയിലാണ് ഇന്നലെ വൈകുന്നേരം ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും സംഭവിച്ചത്.
ആയുര്‍വേദ ഡിസ്പെന്‍സറിയുടെ മതിലിടിഞ്ഞ് വീണു. മലമാക്കല്‍ സജീവന്റെ വീടിനോട് ചേര്‍ന്ന തൊഴുത്ത് നിലംപൊത്തി. അര ഏക്കറിലേറെ കൃഷിയും നശിച്ചിട്ടുണ്ട്. ആളപകടങ്ങളില്ല. കുട്ടമ്പുഴ പഞ്ചായത്തിൽ 60 ഓളം വീടുകളില്‍ വെള്ളം കയറിയത്.
കുട്ടമ്പുഴ ടൗണില്‍ ഒരു കട പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും തകര്‍ന്നു. മണികണ്ഠൻചാൽ ചപ്പത്ത് ഇന്നലെ വൈകുന്നേരത്തോടെ വെള്ളത്തിനടിയിലായിരുന്നു. ഗതാഗതവും നിലച്ചിരുന്നു. മഴകനത്താൽ ചപ്പാത്ത് മുങ്ങി ഗതാഗതം നിലയ്ക്കുന്നത് പതിവാണ്.
പന്തപ്ര-പിണവൂര്‍കുടി ആദിവാസി ഊരുകളിലും ഉരുളന്തണ്ണി, ഞായപ്പിള്ളി, മാമലകണ്ടം പ്രദേശത്തുമാണ് വെള്ളപ്പൊക്കം കൂടുതൽ നാശം വിതച്ചത്. ഏക്കറുകണക്കിന് സ്ഥലത്തെ കൃഷിയും നശിച്ചിട്ടുണ്ട്. ഉരുളന്‍തണ്ണിയിലും മാമലകണ്ടത്തും കുട്ടമ്പുഴ ഞായപ്പിള്ളിയിലും റോഡില്‍ വെള്ളം കയറി ഗതാഗതം സ്തംഭിച്ചിരുന്നു.
പൂയംകുട്ടി മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തില്‍ മുങ്ങിയതിനൊപ്പം ബ്ലാവനയിലെ ജങ്കാര്‍ കടത്തും നിലച്ചുതോടെ വെള്ളാരംകുത്ത്, തേര, വാരിയം, തലവച്ചപാറ, കുഞ്ചിപാറ ആദിവാസി കോളനികളും മണികണ്ഠന്‍ചാല്‍, കല്ലേലിമേട് ഗ്രാമങ്ങളും ഒറ്റപ്പെട്ടിരുന്നു.
രാത്രിയോടെ മഴ അല്‍പ്പം കുറഞ്ഞത് ആശ്വാസത്തിനിടയാക്കിയെങ്കിലും പുലർച്ചയോടെയാണ് വെള്ളം പൂർണമായും ഒഴിഞ്ഞത്. കുട്ടമ്പുഴ ടൗണില്‍ മണ്ണിടിഞ്ഞ് മരിയാസ് അക്വേറിയം ആണ് തകര്‍ന്നത്. ഉടമ ബിന്‍സി മനോജ് കടക്കുള്ളിലുണ്ടായിരുന്നെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടു. കടയിലെ സാധനങ്ങളെല്ലാം നശിച്ചിട്ടുണ്ട്.
തൊട്ടുചേര്‍ന്നുള്ള സോപ്പുപൊടി നിര്‍മാണകേന്ദ്രവും ഇലക്ട്രോണിക്സ് സര്‍വീസ് സെന്റര്‍ കെട്ടിടത്തിനും കേടുപാടുണ്ടായിട്ടുണ്ട്. താലൂക്കിൽ പലയിടങ്ങളിൽ വ്യാപക ക്യഷി നാശവും ഉണ്ടായിട്ടുണ്ട്. റവന്യു-ക്യഷി വകുപ്പ് അധിക്യതർ ഇന്ന് സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തുമെന്നാനാണ് അറിയുന്നത്.
ജലനിരപ്പ് കുറയുന്നതിനനുസരിച്ച് ഭൂതത്താൻകെട്ട് ഡാമിലെ ഏതാനും ഷട്ടറുകൾ താഴ്ത്തുതുമെന്നും അധികൃതർ വ്യക്തതമാക്കി.