കോട്ടയം: അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററിലധികം മഴ ലഭിക്കുന്നതിനെയാണ് അതിതീവ്ര മഴയായി കണക്കാക്കുന്നത്. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ നാളെയും മറ്റന്നാളും ജില്ലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂറില്‍ 115.6 മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഇന്നലെയും ജില്ലയില്‍ പരക്കെ മഴ പെയ്തു. ഇടവിട്ട സമയങ്ങളില്‍ ചിലയിടങ്ങളില്‍ അതിശക്തമായ മഴയാണ് പെയ്തത്.
മഴ ശക്തമായതോടെ മഴക്കെടുതികളും വെള്ളക്കെട്ടും രൂക്ഷമായി. താലൂക്ക് കേന്ദ്രങ്ങളില്‍ കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്. അതിതീവ്രമഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. ഇതു മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം.
നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനിടയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. അതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
രാത്രികാല യാത്രാനിരോധനം
കോട്ടയം: ജില്ലയില്‍ മഴ തുടരുന്നതിനാലും വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലും ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ രാത്രികാല യാത്രയും ഇന്നു വരെ നിരോധിച്ച് ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉത്തരവായി.
ഖനന പ്രവര്‍ത്തനങ്ങൾ നിരോധിച്ചു
കോട്ടയം: ജില്ലയില്‍ മഴ തുടരുന്നതിനാലും വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലും നാളെ വരെ ജില്ലയില്‍ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉത്തരവായി.