കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിട നിര്‍മാണങ്ങള്‍ ഭൂരിഭാഗവും ചട്ടങ്ങള്‍ പാലിക്കാതെയാണെന്ന ആരോപണം ശക്തം. ഇന്നലെ തകര്‍ന്നുവീണ കെട്ടിടത്തിന് 60 വര്‍ഷത്തിനു മേല്‍ പഴക്കമുണ്ട്.ഈ കെട്ടിടം ബലക്ഷയമുണ്ടെന്നു കണ്ടെത്തിയതിനാല്‍ അടച്ചിട്ടിരിക്കുകയായിരുന്നു.
എന്നാല്‍ മെഡിക്കല്‍ കോളജില്‍ എത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർ ഉള്‍പ്പെടെയുള്ളവര്‍ ഈ കെട്ടിടത്തിലേക്ക് കയറാതിരിക്കാനുള്ള നടപടികള്‍ ആശുപത്രി അധികൃതര്‍ സ്വീകരിച്ചിരുന്നില്ല. തകര്‍ന്ന കെട്ടിടത്തിലേക്കു ജെബിസി കടന്നു വരാന്‍ പോലും സാധിക്കാത്ത രീതിയിലായിരുന്നു ഇതിന്റെ ഘടന.
12 വര്‍ഷം മുമ്പു കെട്ടിടത്തിനു ബലക്ഷയമുണ്ടെന്നു കണ്ടെത്തിയിട്ടും പൊളിച്ചുമാറ്റാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്കു കഴിഞ്ഞില്ല. ഈ കെട്ടിടത്തിന്റെ ഒരു ചുമരിനപ്പുറം നിരവധി രോഗികള്‍ കഴിഞ്ഞിരുന്ന വാര്‍ഡും സര്‍ജിക്കല്‍ ബ്ലോക്കും പ്രവര്‍ത്തിച്ചിരുന്നു.കെട്ടിടം തകര്‍ന്നു വീണപ്പോള്‍ രോഗികള്‍ ഉള്‍പ്പെടെയുള്ളവർ സാധനങ്ങളും കൈയിലെടുത്ത് ഓടിരക്ഷപ്പെടുകയായിരുന്നു. ഇതേ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ സര്‍ജറി വിഭാഗത്തില്‍ ശസ്ത്രക്രിയയും നടക്കുകയായിരുന്നു.
ഈ കെട്ടിടത്തിന്റെ ചിത്രമുള്‍പ്പെടെ ആര്‍പ്പൂക്കര പഞ്ചായത്ത് ദുരന്ത മുന്നറിയിപ്പ് നല്‍കിയിരുന്നു. പഞ്ചായത്തിന്റെ 2020 ലെ ദുരന്തനിവാരണ ഓഡിറ്റ് രേഖയിലും ഇതു ള്പ്പെടുത്തിയിരുന്നു.പുതിയ കെട്ടിടം പണി പൂര്‍ത്തിയാക്കിയിട്ടും ഉദ്ഘാടനം നടത്തി തുറന്നു കൊടുക്കാന്‍ വലിയ കാലതാമസമുണ്ടായതായി ആരോപണം ശക്തമാണ്.
എന്നാല്‍ പുതിയ കെട്ടിടത്തിന്റെ അവസാഘട്ട മിനുക്കു പണികളും ഓപ്പറേഷന് തിയറ്റര്‍ അണുവിമുക്തമാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും നടന്നുവരികയാണെന്നുമാണ് അധികൃതര്‍ പറയുന്നത്. അപകടത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ എന്തെങ്കിലും വീഴ്ചയുണ്ടോ എന്നതും ഫിറ്റ്നസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളും വിശദമായി പരിശോധിക്കും.
ചട്ടവിരുദ്ധമെന്ന് ആര്‍പ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ്
കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ചട്ടവിരുദ്ധമാണെന്ന് ആര്‍പ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുണ്‍ ഫിലിപ്പ്. തകര്‍ന്നു വീണ കെട്ടിടത്തിനു ഫിറ്റ്നസ് ഇല്ലായിരുന്നു. മെഡിക്കല്‍ കോളജില്‍ നിര്‍മാണത്തിലുള്ള മറ്റു കെട്ടിടങ്ങള്‍ക്കും നിര്‍മാണത്തിന്റെ അനുമതിക്കായി പഞ്ചായത്തിനെ സമീപിക്കാറില്ല.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കഴിയുമ്പോള്‍ കെട്ടിടത്തിന്റെ പ്ലാന്‍ പഞ്ചായത്തില്‍ എത്തിച്ച് ഉന്നത ഇടപെടലിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് നമ്പറിട്ടു നല്കുകയുമാണു ചെയ്യുന്നത്. മെഡിക്കല്‍ കോളജിലെ പഴയ ഒരു കെട്ടിടത്തിനു പോലും പഞ്ചായത്ത് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.