ചാത്തന്നൂർ: കാർ യാത്രക്കാരിൽ നിന്ന് 300 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു രണ്ടു പേരെ അറസ്റ്റ് ചെയ്തു.നെടുമ്പന മുട്ടയ്ക്കാവ് നജ്ൽ മൻസിലിൽനജ്മൽ (27), നെടുമ്പന മുട്ടയ്ക്കാവ് സാബിദാ മൻസിലിൽ സാബിർ (39) എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്നു പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് 20 ലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. കൊല്ലം ജില്ലയിൽ സമീപകാലത്ത് നടത്തിയ ഏറ്റവും വലിയ ലഹരിവേട്ടയാണ് ഇത്.
ഇന്നു പുലർച്ചെ മൂന്ന് മണിയോടെ കൊട്ടിയത്തിനടുത്ത് മൈലാപ്പൂരിൽ വച്ചാണ് സംഘം പോലീസ് പിടിയിലായത്. സിറ്റി കമ്മീഷണർ കിരൺ നാരായണിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഒരാഴ്ചയായി ഇവർ പോലീസ് നിരീക്ഷണത്തിലായിരുന്നു. എംഡിഎം എയുമായി കാറിൽ ബംഗളുരുവിൽ നിന്നു കൊട്ടിയത്തേക്കു വരുമ്പോൾ പോലീസ് കാർ തടഞ്ഞ് പരിശോധിക്കുകയായിരുന്നു.
പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞ് ഡിക്കിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ലഹരി മരുന്ന്. ചാത്തന്നൂർ എസി പി അലക്സാണ്ടർ തങ്കച്ചന്റെ നേതൃത്വത്തിൽ പാരിപ്പള്ളി സി ഐ എ.നിസാറും ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണു ലഹരി പിടികൂടിയത്.