നെയ്യാറ്റിന്‍കര: അയല്‍സംസ്ഥാനങ്ങളില്‍ നിന്നും ലഹരി പദാര്‍ഥങ്ങളുടെ കടത്ത് തുടരുന്പോള്‍ എക്സൈസ് കൂടുതല്‍ ജാഗ്രതയില്‍. ഇന്നലെ ഉച്ചയ്ക്ക് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസില്‍ സ്വാമിമാരുടെ വേഷത്തില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് ബംഗാള്‍ സ്വദേശികളെ എക്സൈസ് സംഘം പിടികൂടിയിരുന്നു. പരിമള്‍ മണ്ഡല് (54), പഞ്ചനന്മണ്ഡല് (56) എന്നിവരാണ് പിടിയിലായത്.
നാഗര്‍കോവില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിലെ യാത്രക്കാരായിരുന്നു ഇരുവരും. രണ്ടുപേരുടെയും പക്കലുണ്ടായിരുന്ന തുണി സഞ്ചികള്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. 4.750 കിലോ കഞ്ചാവ് ഇവരില്‍ നിന്നും പിടിച്ചെടുത്തു. വിപണിയില്‍ കിലോയ്ക്ക് മുപ്പതിനായിരം മുതല്‍ അന്‍പതിനായിരം രൂപ വരെ കഞ്ചാവിന് നിലവില്‍ വിലയുണ്ട്. ഈ കണക്കനുസരിച്ച് ലക്ഷങ്ങളുടെ കഞ്ചാവാണ് ഇരുവരില്‍ നിന്നും പിടിച്ചെടുത്തത്.
പാച്ചല്ലൂർ ഭാഗത്തേക്കാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പിടിയിലായവർ പറഞ്ഞതായി എക്സൈസ് അധികൃതര്‍ വ്യക്തമാക്കി. പിടിക്കപ്പെടാതിരിക്കാൻ സ്വാമി വേഷത്തിലുള്ളവരെയാണ് ഹോൾസെയിൽ വ്യാപാരികൾ വിതരണത്തിനായി ചുമതലപ്പെടുത്തുന്നത്. 500 ഗ്രാമിന്റെ ചെറിയ പായ്ക്കറ്റുകളാക്കിയാണ് നാട്ടിന്‍പുറങ്ങളില്‍ കഞ്ചാവ് വില്‍പ്പനയെന്നും എക്സൈസ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
സർക്കിൾ ഇൻസ്പെക്ടർ ടോണി എസ്. ഐസക്കിന്റെ നേതൃത്വത്തില്‍ എക്സൈസ് ഇൻസ്പെക്ടർ ബിനോയ്, സിവിൽ എക്സൈസ് ഓഫീസർ മുഹമ്മദ് അനീസ്, വനിത സിവിൽ എക്സൈസ് ഓഫീസർ സിനിമോൾ എന്നിവരുള്‍പ്പെട്ട സംഘമാണ് കഞ്ചാവ് കടത്ത് സംഘത്തെ പിടികൂടിയത്.
ഇക്കഴിഞ്ഞയാഴ്ച ഒരു ടൂറിസ്റ്റ് ബസ് യാത്രക്കാരനില്‍ നിന്നും 190 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടികൂടി. ബാംഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസ് യാത്രക്കാരന് സുഹൈന്‍ നസീറി (22) ന്റെ പക്കല്‍ നിന്നുമാണ് അമരവിള എക്സൈസ് ചെക്പോസ്റ്റ് സംഘം എംഡിഎംഎ പിടിച്ചെടുത്തത്.
തുടര്‍ച്ചയായി ഇത്തരം ലഹരി പദാര്‍ഥങ്ങള്‍ കടത്തുന്നതുമായി ബന്ധപ്പെട്ട് ഊര്‍ജിതമായ അന്വേഷണം വേണമെന്ന് നാട്ടുകാരും വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും പറയുന്നു. അയല്‍സംസ്ഥാനങ്ങളില്‍ നിന്നും വ്യാപകമായി ഇവ കൊണ്ടു വരുന്നത് കൂടുതലും സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണെന്ന് അധികൃതരും സമ്മതിക്കുന്നുണ്ട്.
ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റാലികളും കലാ- കായിക മത്സരങ്ങളും മറ്റും സഘടിപ്പിക്കുന്നുവെങ്കിലും ലഹരി പദാര്‍ഥങ്ങളുടെ വരവ് കൃത്യമായി പ്രതിരോധിച്ചേ മതിയാകൂ എന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.