സഹപാഠി സംവിധാനം ചെയ്ത സനിമയിൽ അഭിനയിക്കാനായതിന്റെ സന്തോഷത്തിലാണ് ചലച്ചിത്രതാരം മീനാക്ഷി അനൂപ്. ക്ലാസ് ബൈ എ സോള്‍ജിയര്‍ എന്ന സിനിമയുടെ സംവിധായിക ചിന്മയിയും താനും പ്ലസ്ടുവിന് ഒരു ക്ലാസില്‍ ഒരു ബഞ്ചിലിരുന്നാണ് പഠിക്കുന്നതെന്നു മീനാക്ഷി അനൂപ്.
“ഈ സ്കൂളില്‍ ചേരുന്നതിനു മുമ്പു രണ്ടു സ്കൂളിലായിരുന്നു. എന്നാല്‍, ഒരുപാടു വര്‍ഷമായി പരസ്പരം അറിയാം. കുടുംബങ്ങള്‍ തമ്മിൽ പരിചയമുണ്ട്. ഞാന്‍ ആദ്യമായി അഭിനയിച്ചത് ചിന്മയിയുടെ അച്ഛന് അനില്‍ രാജ് അങ്കിള്‍ സംവിധാനം ചെയ്ത തൗസന്റ് എന്ന സിനിമയിലായിരുന്നു. ഏറ്റവുമൊടുവില്‍ ഞാന്‍ അഭിനയിച്ച സിനിമ അനില്‍ അങ്കിളിന്റെ മകളും എന്റെ ക്ലാസ്മേറ്റുമായ ചിന്മയി സംവിധാനം ചെയ്ത സിനിമയിലും. ഇതെനിക്കു വലിയ സന്തോഷം നല്കുന്നു’’-
സിനിമയിലെ കഥാപാത്രം
ക്ലാസ് ബൈ എ സോള്‍ജിയര്‍ എന്ന സിനിമയിലെ എന്റെ കഥാപാത്രത്തിന്റെ പേര് ഗായത്രി. കേന്ദ്രകഥാപാത്രം എന്നു പറയാനാകില്ല. സ്കൂള്‍ പശ്ചാത്തല സിനിമയാണിത്. സ്കൂള്‍കുട്ടികള്‍ എപ്പോഴും കണ്ടുകൊണ്ടിരിക്കുന്ന കുറെ കാര്യങ്ങളാണു ഇതിൽ കാണാന്‍ കഴിയുക. ഒപ്പം ഇപ്പോള്‍ നമ്മുടെ സമൂഹത്തിലെ ലഹരി ഉപയോഗവും വിഷയമാകുന്നു. ഗായത്രിയിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. നായകന് നമ്മുടെ പ്രിയപ്പെട്ട ഗായകന് വിജയ് അങ്കിൾ. തമിഴിലൊക്കെ അങ്കിളിന്റെ വില്ലന്‍ വേഷങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍, മലയാളത്തില്‍ ആദ്യമായി അദ്ദേഹം നായകനായി അഭിനയിക്കുന്ന ചിത്രമാണിത്.