മുല്ല എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന നടി മീര നന്ദൻ സിനിമാ രംഗം വിട്ട് ഇപ്പോൾ ദുബായിയിൽ ആർജെയായി ജോലി ചെയ്യുകയാണ്. 2024 ലായിരുന്നു മീര നന്ദന്റെ വിവാഹം. ശ്രീജു എന്നാണ് ഭർത്താവിന്റെ പേര്. വിവാഹത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ മീര നന്ദൻ.
ഒരഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ഒറ്റയ്ക്ക് താമസിക്കുമ്പോഴും എനിക്ക് റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ട്. ഓരോ റിലേഷൻഷിപ്പ് കഴിയുമ്പോഴും ഓരോ കാര്യങ്ങൾ പഠിക്കും. നെഗറ്റീവും പോസിറ്റീവും. എനിക്ക് മതിയായി, ഒറ്റയ്ക്ക് ജീവിക്കണം എന്ന ഘട്ടത്തിലേക്ക് ഞാനെത്തി. ജീവിതം ആസ്വദിക്കുകയായിരുന്നു ഞാൻ. എന്റേതായ സ്പേസ്, എപ്പോൾ വേണമെങ്കിലും എഴുന്നേൽക്കാം. ആരും ചോദിക്കാനില്ല.
കുടുംബവുമായി ഞാൻ വളരെ അറ്റാച്ച്ഡ് ആണ്. വിവാഹം ചെയ്യാത്തതെന്തെന്ന് കുടുംബത്തിൽ നിന്ന് ചോദ്യങ്ങൾ വന്നു. 31-32 വയസായപ്പോഴാണ് ചോദ്യങ്ങൾ വന്നത്. ഞാനിപ്പോൾ വിവാഹത്തിന് തയാറല്ലെന്ന് പറഞ്ഞു. പിന്നീടും സമ്മർദം വന്നു. ഞാൻ മാട്രിമോണിയൽ അക്കൗണ്ട് തുടങ്ങി. അങ്ങനെയാണ് താൻ ശ്രീജുവിനെ പരിചയപ്പെടുന്നത്.
മൂന്നു നാല് മാസം ഫോണിൽ സംസാരിച്ചു. ഒരിക്കൽ ദുബായിയിൽ വന്നു. ശ്രീജു ലണ്ടനിലാണ്. ജോലി വിട്ട് മറ്റൊരു നാട്ടിലേക്ക് പോകാനും വീട്ടമ്മയായിരിക്കാനും എനിക്ക് താൽപര്യമില്ലായിരുന്നു. ശ്രീജുവിനോട് പറഞ്ഞപ്പോൾ നീ മൂവ് ചെയ്യേണ്ട, ഞാനിങ്ങോട്ടേക്ക് മാറാം എന്ന് പറഞ്ഞു. അതിന് ശേഷമാണ് വീട്ടിൽ പറയുന്നത്. അങ്ങനെയാണ് വിവാഹം നടക്കുന്നത്- മീര നന്ദൻ വ്യക്തമാക്കി.
സിനിമാ രംഗം വിട്ടതിനെക്കുറിച്ചും മീര അഭിമുഖത്തിൽ സംസാരിച്ചു. അവിചാരിതമായാണ് സിനിമാ രംഗത്തേക്ക് വന്നത്. അവസരം വന്നപ്പോൾ ഞാനെടുത്തു. സിനിമാ രംഗത്തേക്ക് വന്നപ്പോൾ ഈ ക്രാഫ്റ്റിന്റെ ആഴം മനസിലായി. ഞാൻ ഈ ക്രാഫ്റ്റിനെ ഇഷ്ടപ്പെടാൻ തുടങ്ങി. കാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് മാത്രമല്ല ആക്ടറുടെ ജോലി. ഒരുപാട് ഉത്തരവാദിത്വമുണ്ട്.
ഒരുപാട് അറ്റൻഷൻ, ബാഗേജ് എന്നിവയെല്ലാമുണ്ട്. ഞാനതിന് തയാറെടുത്തിരുന്നില്ല. ആക്ടറായിരിക്കുമ്പോൾ ഞാൻ ചാനൽ അഭിമുഖങ്ങൾക്കും റേഡിയോ അഭിമുഖങ്ങൾക്കുമെല്ലാം പോയി. റേഡിയോ ഇന്റർവ്യൂകൾ എനിക്കിഷ്ടപ്പെട്ടു. മറ്റ് ഇന്റർവ്യൂകൾ എനിക്ക് വർക്കായി തോന്നി. റേഡിയോ ജോക്കിയാകാൻ ഞാൻ ആഗ്രഹിച്ചു. എനിക്ക് ഉചിതമായ അവസരം ലഭിച്ചു എന്ന് മീര നന്ദൻ കൂട്ടിച്ചേർത്തു.

