കുടുംബവീതമായി ലഭിച്ച സ്ഥലം അമ്മയുടെ ഓര്‍മയ്ക്കായി ഭൂരഹിതര്‍ക്ക് നൽകി പ്രവാസി ദമ്പതികൾ. തകഴി പഞ്ചായത്ത് ഏഴാം വാര്‍ഡ് കേളമംഗലം ഗ്രീൻ വില്ലയിൽ കെ.എ. തോമസ് (സോജപ്പന്‍)-ഏലിയാമ്മ ദമ്പതികളാണ് 22 സെന്റ് സ്ഥലം ഭൂരഹിതര്‍ക്ക് വീട് വയ്ക്കാന്‍ നല്‍കണമെന്ന ആഗ്രഹത്തോടെ ചങ്ങനാശേരി കുന്നന്താനം പഞ്ചായത്തിന് കൈമാറിയത്.
ഏലിയാമ്മയ്ക്ക് കുടുംബവീതമായി മല്ലപ്പള്ളി ചെങ്ങരൂർച്ചിറയില് നല്കിയ ഭൂമിയാണ് മാതാവ് ത്രേസ്യാമ്മയുടെ ഓര്‍മയ്ക്കായി ദമ്പതികള്‍ പഞ്ചായത്തിനു കൈമാറിയത്. ലൈഫ് പദ്ധതിയില്‍ വീട് അനുവദിച്ച നാലു കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാവുന്ന തരത്തിലാണ് ഭൂമി തരംതിരിച്ചിരിക്കുന്നത്. വീടുകളിലേക്ക് മറ്റാരുടെയും ആശ്രയമില്ലാതെ കയറാവുന്ന തരത്തില്‍ വഴി നല്‍കിയാണ് ഭൂമി അളന്ന് തിരിച്ചിരിക്കുന്നത്.
തോമസും ഏലിയാമ്മയും കഴിഞ്ഞ 40 വർഷമായി വിയന്നയിലാണ് താമസം. ഓസ്ട്രിയന്‍ പ്രൊവിഷന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്സണ്‍ കൂടിയാണ് റിട്ട. നഴ്സ് ഏലിയാമ്മ തോമസ്. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വൈസ് ചെയര്മാന് പദവിക്ക് കെ.എ. തോമസും നിരവധി തവണ അര്‍ഹനായിട്ടുണ്ട്.
തന്റെ കുടുംബവീതം ഭൂരഹിതര്‍ക്ക് നല്‍കണമെന്ന ഏലിയാമ്മയുടെ ആഗ്രഹത്തിന് തോമസും മക്കളായ പിങ്കിയും ഡോ. ചിഞ്ചുവും സമ്മതം നൽകുകയായിരുന്നു. ഏലിയാമ്മയും കുടുംബവും വിട്ടുനല്‍കിയ ഭൂമി അര്‍ഹരായ ദളിത് കുടുംബത്തിന് ലൈഫ് പദ്ധതിയില്‍ കിടപ്പാടം ഒരുക്കാനുള്ള നീക്കത്തിലാണെന്ന് കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു പറഞ്ഞു.


 
  
 