ചാരുംമൂട് : വായ്പഅടവ് മുടങ്ങിയതിനാൽ മൈക്രോ ഫിനാൻസ് ജീവനക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് വള്ളികുന്നത്ത് ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ ഊർജിത അന്വേഷണം വേണമെന്നും ആത്മഹത്യാ പ്രേരണക്കുറ്റത്തിനു കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായി.
ശശിയുടെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും. എം.എസ്.അരുൺ കുമാർ എംഎൽഎ ഇന്നലെ ശശിയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ചു. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽനിന്ന് എത്തുന്ന ജീവനക്കാരുടെ ഭാഗത്തുനിന്നു വായ്പ എടുക്കുന്നവരോടു മനുഷ്യത്വപരമായ പെരുമാറ്റം ഉണ്ടാവണമെന്നും സംഭവത്തിൽ പോലീസ് കൃത്യമായ അന്വേഷണം നടത്തി നിയമനടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
മൈക്രോ ഫിനാൻസ് മാനേജ്മെന്റിനും ജീവനക്കാർക്കുമെതിരേ കൊലപാതകക്കുറ്റത്തിനു കേസെടുക്കണമെന്ന്ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു. ധനകാര്യ സ്ഥാപനത്തിലെ ഗുണ്ടകൾ വീടുകയറി ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതാണ് ഗൃഹനാഥന്റെ മരണത്തിനിടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകക്കുറ്റം ചുമത്തി കേസെടുക്കണമെന്നു സിപിഐ ചാരുംമൂട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.