എടത്വ: നായക്കൂട്ടം പശുക്കിടാവിനെ കടിച്ചുകീറി കൊന്നു. ക്ഷീരകര്ഷകനായ തലവടി പഞ്ചായത്ത് 13-ാം വാര്ഡില് കുന്തിരിക്കല് വാലയില് ഈപ്പന്റെ മൂന്നു ദിവസം പ്രായമായ പശുക്കുട്ടിയെയാണ് നായകള് കൂട്ടംചേര്ന്ന് ആക്രമിച്ചു കൊന്നത്.
ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് സംഭവം. പശുക്കുട്ടിയെ വീടിന്റെ മുന്പില് കെട്ടിയിട്ട ശേഷം ഈപ്പന് മില്മയില് പോയിരുന്നു. തിരികെ എത്തിയപ്പോള് പശുക്കുട്ടിയെ കാണാത്തതിനെത്തുടര്ന്നുള്ള തെരച്ചിലിലാണ് പശുക്കുട്ടിയെ നായകള് കൂട്ടം ചേര്ന്ന് കൊന്നു തിന്നുതു കണ്ടത്. പശുക്കുട്ടിയുടെ വയറുഭാഗം നായകള് പൂര്ണമായി തിന്നിരുന്നു.
ഏതാനും നാളുകള്ക്കു മുന്പ് സമീപവാസിയുടെ വീടിനു മുന്പിൽവച്ചിരുന്ന ഇരുചക്രവാഹനത്തിന്റെ സീറ്റും ടയറും നായകള് കടിച്ചുകീറിയിരുന്നു. തെരുവുനായകളെ വീട്ടില് കൊണ്ടുവന്നു വളര്ത്തുന്ന സമീപ താമസക്കാരന്റെ നായകളാണ് പശുക്കിടവിനെ കടിച്ചുകൊന്നതെന്നാണ് ഈപ്പന് പറയുന്നത്.
ഇരുചക്ര വാഹനം നായകള് കടിച്ചുകീറിയതിന്റെ പേരില് ഇയാള്ക്കെതിരേ പോലീസില് പരാതി നല്കിയിരുന്നു.നായകള് ഇയാളുടേതല്ലെന്ന മൊഴിയാണ് നല്കിയതെന്നും ഈപ്പന് പറഞ്ഞു. നായശല്യം മൂലം സ്കൂള് കുട്ടികളും വഴിയാത്രക്കാരും ഈ വഴി കടന്നുപോകാറില്ലന്നു പ്രദേശവാസികള് പരാതിപ്പെടുന്നു.