ബന്ധുക്കളായ രണ്ട് യുവതികളെ കാണാതായതോടെ നാടെങ്ങും പാഞ്ഞ് വീട്ടുകാരും നാട്ടുകാരും. പോലീസ് സ്റ്റേഷനിലെത്തി വീട്ടുകാർ ഇരുവരേയും കാണാനില്ലന്ന് പരാതിയും എഴുതിക്കൊടുത്തു. പോലീസും പെൺകുട്ടികൾക്കായി തെരച്ചിൽ ആരംഭിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ആണ് സംഭവം.
പോലീസ് അന്വേഷണം ഊർജിതമാക്കി. രണ്ടുപേരേയും കണ്ടെത്താൻ സാധിച്ചില്ല. എന്നാല്‍ ദിവസങ്ങൾക്ക് ശേഷം മടങ്ങി വന്ന പെണ്‍കുട്ടികൾ പോലീസ് സ്റ്റേഷനിൽ എത്തി തങ്ങൾ പരസ്പരം വിവാഹിതരായിയെന്ന് അറിയിച്ചു. ഒരുമിച്ച് ജീവിക്കാൻ ആഗ്രഹമുണ്ടെന്നും ഇവർ പോലീസിനോട് വെളിപ്പെടുത്തി.
പോലീസ് സ്റ്റേഷനിലെത്തിയ യുവതികളിൽ ഒരാൾ വരന്റെ വേഷത്തിലും മറ്റേയാൾ വധുവിന്റെ വേഷത്തിലുമായിരുന്നു. ഒന്നര വർഷത്തോളമായി തങ്ങൾ പ്രണയത്തിലായിരുന്നുവെന്ന് പെൺകുട്ടികൾ പോലീസിനോട് പറഞ്ഞു. ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചെന്നും ജീവിക്കുന്നെങ്കിൽ ഒന്നിച്ചുണ്ടാകുമെന്നും ഇവർ പറഞ്ഞു.
എന്നാൽ തീരുമാനത്തിൽ നിന്നും പിന്മാറി തങ്ങളോടൊപ്പം മടങ്ങിവരണമെന്ന് ബന്ധുക്കൾ യുവതികളോട് ആവശ്യപ്പെട്ടെങ്കിലും അവർ അതിന് വഴങ്ങിയില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.