തേലു മഹാതോ നിര്‍മിച്ച കിണര്‍ അവശേഷിക്കുന്നു; ലോക്കിയും! ആ കിണര്‍ കാട്ടിത്തരുന്നത് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ചില അറിയപ്പെടാത്ത മുഖങ്ങളെ

1947, ഓഗസ്റ്റ് 15; ഓരോ ഇന്ത്യക്കാരനും ഏറെ വൈകാരികമായി മനസില്‍ സൂക്ഷിക്കുന്ന ഒരു ദിനമാണത്. എന്നാല്‍ ആ ദിവസം ഒരു പകലും രാത്രിയും കൊണ്ടുണ്ടായതല്ല.

നിരവധി പകലുകളും അനവധി രാത്രികളും പലരും ത്യജിച്ചതിന്‍റെ ഫലമാണ് ആ സ്വാതന്ത്ര്യദിനം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിതം എത്ര വാഴ്ത്തിയാലും തിളക്കം അവസാനിക്കാത്ത ഒന്നാണ്.

സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരുടെ തലമുറയിലെ അവസാന കണ്ണികൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. നാം കേട്ടും വായിച്ചും അറിയുന്ന നിരവധി നേതാക്കള്‍ അതിലുണ്ട്.

എന്നാല്‍ അതിലധികം നമ്മളറിയാത്തവരായുമുണ്ട്. അവരില്‍ ചിലരെ ചിലര്‍ എവിടെങ്കിലുമൊക്കെ ഒന്നു കോറിയിട്ടുണ്ടാകാം. അത്തരമൊരു സ്വതന്ത്ര്യ സമരസേനാനിയുടെ കഥയാണിത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ പിരാ ഗ്രാമത്തിൽ ഒരു മരണമുണ്ടായി. തേലു മഹാതോ എന്നായിരുന്നു മരിച്ചയാളുടെ പേര്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്തിന് ആ പേര് പരിചിതമാണ്.

തേലു മഹാതോ സ്വയം ഒരിക്കലും ഗാന്ധിയന്‍ എന്ന് വിളിച്ചില്ല, എന്നാല്‍ ഒരു നൂറ്റാണ്ടിലേറെക്കാലം അദ്ദേഹം ലാളിത്യത്തില്‍ ജീവിച്ചു. ഒരു ഇടതുപക്ഷക്കാരനും വിപ്ലവകാരിയുമായിട്ടായിരുന്നു അദ്ദേഹം സ്വയം കണ്ടത്.

പതിറ്റാണ്ടുകളായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളായിരുന്നു തേലുവും ഉറ്റമത്രം ലോക്കി മഹാതോയും. എന്നാല്‍ അഹിംസ മാര്‍ഗമായിരുന്നു തേലുവിന് പ്രിയം.

ക്വിറ്റ് ഇന്ത്യാ സമരകാലത്ത്, 1942 സെപ്റ്റംബര്‍ 29,30ന് പുരുളിയയിലെ 12 പോലീസ് സ്റ്റേഷനുകളിലേക്ക് നാട്ടുകാര്‍ മാര്‍ച്ച് ചെയ്തു.

പോലീസ് സ്‌റ്റേഷനില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ഉദ്ദേശിച്ചിരുന്നു 1,500 ഓളം പേരുടെ ഈ സംഘം ഇറങ്ങിത്തിരിച്ചത്

അക്കൂട്ടത്തില്‍ മന്‍ബസാറിലെ ജനക്കൂട്ടത്തിനൊപ്പം തേലുവും മാര്‍ച്ച് ചെയ്തു. എന്നാല്‍ ബ്രിട്ടീഷ് പോലീസ് ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

ചുനാറാം മഹാതോ, ഗോബിന്ദ മഹാതോ എന്നീ ദേശസ്‌നേഹികളാണ് അന്ന് രക്തസാക്ഷികളായത്.

തീരെ പ്രായം കുറവായതിനാല്‍ ലോക്കി ആ പോലീസ് സ്റ്റേഷന്‍ സമരത്തില്‍ പങ്കെടുത്തിരുന്നില്ല. സ്വാതന്ത്ര്യകാലത്ത് ഗോത്രവാദ്യങ്ങള്‍ അവതരിപ്പിക്കുന്ന ട്രൂപ്പുകളുടെ ഭാഗമായിരുന്നു ലോക്കി.

ബ്രീട്ടീഷ് ഭരണത്തിനെതിരായ കലാപത്തിന്‍റെ സന്ദേശം ദംസ (ഒരു വലിയ കെറ്റില്‍ ഡ്രം), മഡോള്‍ (ഒരു ഹാന്‍ഡ് ഡ്രം) തുടങ്ങിയ ഗോത്രവാദ്യങ്ങള്‍ കൊട്ടി ലോക്കിയും മറ്റുള്ളവരും ആളുകളിലേക്കെത്തിച്ചു.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും പതിറ്റാണ്ടുകളായി വിവിധ ഭൂമിയിലും പല സമരങ്ങളിലും തേലുവും ലോക്കിയും പങ്കെടുത്തു.

എന്നാല്‍ തേലുവിന് ഒരിക്കലും ഒരു സ്വാതന്ത്ര്യസമര സേനാനിയുടെ പെന്‍ഷനോ സ്വാതന്ത്ര്യസമരത്തിലെ അദ്ദേഹത്തിന്‍റെ പങ്കിന്‍റെ അംഗീകാരമോ ലഭിച്ചിട്ടില്ല എന്നതാണ് സത്യം.

1,000 രൂപ വാര്‍ധക്യ പെന്‍ഷന്‍ കൊണ്ടാണ് അദ്ദേഹം ജീവിച്ചത്. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 103 നും 105 നും ഇടയില്‍ പ്രായമുണ്ടായിരുന്നു.

തേലു യാത്രയായെങ്കിലും അദ്ദേഹം കുഴിച്ച ഒരു കിണര്‍ ഇപ്പോഴും അന്നാട്ടിലുണ്ട്. വരും തലമുറയ്ക്ക് ആ കിണര്‍ കാട്ടിത്തരുന്നത് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ചില അറിയപ്പെടാത്ത മുഖങ്ങളെയാകും.

പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്ത്യയുടെ സ്ഥാപകനും എഡിറ്ററുമായ പി.സായിനാഥിന്‍റെ “ദി ലാസ്റ്റ് ഹീറോസ്:

ഫൂട്ട് സോള്‍ജേഴ്സ് ഓഫ് ഇന്ത്യന്‍ ഫ്രീഡം’ എന്ന പുസ്തകം തേലു, ലോക്കി എന്നിവരുടക്കമുള്ള ചില സ്വാതന്ത്ര്യ സമര സേനാനികളുടെ അറിപ്പെടാത്ത പോരാട്ടത്തിന്‍റെ കഥ പറയുന്നുണ്ട്.

Related posts

Leave a Comment