സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് സ്ത്രീകളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്ന യുവാവ് പിടിയിൽ. ശുഭം കുമാർ മനോജ് പ്രസാദ് സിംഗ് (25) ആണ് അറസ്റ്റിലായത്. കർണാടക ബെല്ലാരി സന്ദൂരിലാണു സംഭവം. ഡൽഹിയിൽ ഡിപ്ലോമ പൂർത്തിയാക്കിയ ശുഭം സന്ദൂരിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു.
നഗ്നചിത്രങ്ങളും ദൃശ്യങ്ങളും അപ്ലോഡ് ചെയ്ത് സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നതാണ് പ്രതിയുടെ രീതി. വിദ്യാർഥിനിയുടെ പരാതിയിൽ കേസെടുത്ത മുംബൈ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാളുടെ മൊബൈലിൽനിന്ന് 13,000ലേറെ അശ്ലീലചിത്രങ്ങളും വീഡിയോയും പോലീസ് കണ്ടെത്തി.
സോഷ്യൽ മീഡിയയിലൂടെ വനിതകളുമായി സൗഹൃദം സ്ഥാപിക്കുകയും അവരെ നഗ്നവീഡിയോ കോളുകൾ ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുമായിരുന്നു. ഇതിനു വഴങ്ങാത്തവരുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് നഗ്നചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. പരാതിക്കാരിയായ വിദ്യാർഥിനിയുടെ പേരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അശ്ലീലദൃശ്യങ്ങൾ പ്രതി പങ്കുവച്ചിരുന്നു. ഗൂഗിളിൽനിന്നു സാങ്കേതിക വിവരങ്ങൾ ശേഖരിച്ച ശേഷമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.